BREAKING NEWSNATIONAL

കര്‍ഷക സമരം: നഗരം മാത്രമല്ല ഇനി ഗ്രാമങ്ങളിലും പ്രക്ഷോഭം ശക്തമാക്കുന്നു

ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമരമാര്‍ഗവുമായി കര്‍ഷകസംഘടനകള്‍. 20 ദിവസം പിന്നിടുന്ന പ്രക്ഷോഭത്തിനിടെ മരിച്ചവരോടുള്ള ആദരസൂചകമായി 20ന് രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളില്‍ ശ്രദ്ധാഞ്ജലിസഭകള്‍ നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. ജില്ലാകേന്ദ്രങ്ങളിലെ ഉപരോധത്തിന് കഴിഞ്ഞദിവസം തുടക്കമിട്ടതിനു പിന്നാലെയാണ് പുതിയ സമരമുറ.
സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്ന നിലപാടിലാണ് കര്‍ഷകനേതാക്കള്‍. നിയമങ്ങള്‍ മുഴുവനായി റദ്ദാക്കലല്ല പോംവഴിയെന്നും മോദിസര്‍ക്കാര്‍ തുറന്നചര്‍ച്ചയ്ക്കു തയ്യാറാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പ്രതികരിച്ചു. കാര്‍ഷികവിഷയങ്ങളില്‍ ചര്‍ച്ചയ്ക്കായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷവും കര്‍ഷകസംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതുണ്ടാവില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷിയും വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാരിനെതിരേ വീണ്ടും കര്‍ഷകനേതാക്കള്‍ രംഗത്തെത്തി. സമരത്തിനായി ഡല്‍ഹിക്കു വരുന്നവരെ സര്‍ക്കാര്‍ തടയുകയാണെന്നും ഇത് ഏകാധിപത്യമാണെന്നുമാണ് ആരോപണം. സമരത്തിനു വരുന്ന കര്‍ഷകരെ ബലം പ്രയോഗിച്ചു തടഞ്ഞാല്‍ പോലീസ് സ്റ്റേഷനുകളില്‍ കന്നുകാലികളെ കെട്ടിയിടുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് മുന്നറിയിപ്പുനല്‍കി. ഈ സ്ഥിതി തുടര്‍ന്നാല്‍ ഡല്‍ഹിമീററ്റ് ദേശീയപാത ഉപരോധിക്കുമെന്നും പ്രഖ്യാപിച്ചു. കടലാസുസംഘടനകളെ രംഗത്തിറക്കി കര്‍ഷകപ്രക്ഷോഭത്തെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം വിലപ്പോവില്ലെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ളയും പ്രതികരിച്ചു.
ഡല്‍ഹി-നോയ്ഡ അതിര്‍ത്തിയായ ചില്ലയില്‍ ഭാഗികമായി വാഹനഗതാഗതം അനുവദിച്ചിരുന്നെങ്കിലും ബുധനാഴ്ച പൂര്‍ണമായി സ്തംഭിപ്പിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. ജയ്പുര്‍ ദേശീയപാതയിലെ ഷാജഹാന്‍പുരിലും ഡല്‍ഹിആഗ്ര ദേശീയപാതയിലെ പല്‍വലിലും പ്രക്ഷോഭകര്‍ പിന്മാറിയിട്ടില്ല. സമരത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച ഡല്‍ഹി അതിര്‍ത്തിയിലെത്തുമെന്ന് യു.പി. മുസഫര്‍നഗറിലെ ഖാപ്പ് (ജാതി കൗണ്‍സില്‍) നേതാക്കളും വ്യക്തമാക്കി.
കര്‍ഷകസമരത്തെത്തുടര്‍ന്ന് ഉത്തര റെയില്‍വേക്ക് ഇതുവരെ 2400 കോടി രൂപയുടെ നഷ്ടം നേരിട്ടതായി ജനറല്‍ മാനേജര്‍ അശുതോഷ് ഗംഗാള്‍ അറിയിച്ചു. വ്യവസായമേഖലയുടെ നഷ്ടം 3500 കോടി രൂപവരെയാണെന്ന് അസോചവും വ്യക്തമാക്കി.

Related Articles

Back to top button