ആലപ്പുഴ: നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ സഹായിച്ചയാളാണ് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്ന് മുന്‍ മന്ത്രി ജി. സുധാകരന്‍. അഭിപ്രായം തുറന്നുപറയുന്ന ശീലം വെള്ളാപ്പള്ളിക്കുണ്ടെന്നും എല്ലാവരെപ്പറ്റിയും അദ്ദേഹം അഭിപ്രായം പറയാറുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയാകുന്നതിന് മുമ്പുതന്നെ വെള്ളാപ്പള്ളിയെ അറിയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിര്‍ണായകഘട്ടങ്ങളില്‍ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഒരു കാര്യം ചെന്ന് പറഞ്ഞാല്‍ അത് തള്ളില്ല. അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ആളാണ്, ആരോടും ചോദിക്കേണ്ട ആവശ്യമില്ല. സി.പി.എമ്മിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ബുദ്ധിമുട്ടുണ്ടാകുന്ന അഭിപ്രായങ്ങള്‍ അദ്ദേഹം പറയാറുണ്ട്. എല്ലാവരെപ്പറ്റിയും പറയാറുണ്ട്. ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസിനെപ്പറ്റിയാണ് പറയുന്നത്, ജി. സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി എടുത്ത നിലപാടുകളുടെ ശുദ്ധതയെപ്പറ്റി അദ്ദേഹത്തിന് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ ആരെങ്കിലും പോയി സംസാരിച്ച് തീര്‍ക്കാവുന്നതേയുള്ളൂ. നേരത്തെ സംസാരിക്കാറുണ്ടായിരുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറി എസ്.എന്‍.ഡി.പിക്കെതിരേ എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അതൊക്കെ നിങ്ങള്‍ വായിച്ചതല്ലേ എന്നായിരുന്നു ജി സുധാകരന്റെ മറുചോദ്യം.
1,105 Less than a minute