BREAKINGKERALA

സ്വര്‍ണലോക്കറ്റുകള്‍ അടങ്ങിയ നിധി ലഭിച്ച അതേയിടത്ത് കുഴിച്ചപ്പോള്‍ വീണ്ടും നിധി; ഇത്തവണ വെള്ളിയും മുത്തുകളും

കണ്ണൂര്‍: കണ്ണൂര്‍ ചെങ്ങളായി ശ്രീകണ്ഠാപുരത്ത് സ്വര്‍ണമെന്ന് സംശയിക്കുന്ന നാണയങ്ങള്‍ അടങ്ങിയ നിധി ലഭിച്ചതിന് പിന്നാലെ അതേസ്ഥലത്തെ കുഴിയില്‍ നിന്നും ചില വെള്ളിസാധനങ്ങളും ലഭിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ നിധി ലഭിച്ച അതേസ്ഥലത്തുനിന്ന് വെള്ളിനാണയങ്ങളും മുത്തുകളും ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് മഴക്കുഴി നിര്‍മാണത്തിനായി എത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കള്‍ ലഭിച്ചത്. ബോംബാണെന്ന് വിചാരിച്ച് ആദ്യം കളയാന്‍ നോക്കിയെന്നും പിന്നീട് തങ്ങള്‍ തുറന്ന് നോക്കിയപ്പോള്‍ ഈ വസ്തുക്കള്‍ കണ്ടെന്നും തൊഴിലുറപ്പ് തൊഴിലാളികള്‍ പറഞ്ഞു. വെള്ളിനാണയങ്ങള്‍ ചെളിപിടിച്ച രീതിയിലായിരുന്നെന്നും തങ്ങള്‍ കഴുകിയെടുത്തപ്പോഴാണ് അവ തിളങ്ങിവന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റബ്ബര്‍ തോട്ടത്തില്‍ കുഴിയെടുത്തപ്പോഴാണ് 18 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിധി ലഭിക്കുന്നത്. ഓട്ടുപാത്രത്തിനുള്ളില്‍ സൂക്ഷിച്ച നിലയിലാണ് സ്വര്‍ണ ലോക്കറ്റുകളും നാണയങ്ങളും മുത്തുകളും ഉണ്ടായിരുന്നത്. ഇവര്‍ ഉടന്‍ തന്നെ ഈ വിവരം പഞ്ചായത്തില്‍ അറിയിക്കുകയും പഞ്ചായത്ത് ഈ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഓട്ടുപാത്രത്തിലുള്ളത് സ്വര്‍ണം തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
പൊലീസ് ആഭരണങ്ങള്‍ കോടതിയില്‍ ഹാജരാക്കി. കോടതിയുടെ കൈവശമുള്ള ഈ വസ്തുക്കള്‍ പുരാവസ്തു വകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. ആഭരണങ്ങളുടെ കാലപ്പഴക്കം കണ്ടെത്താന്‍ പുരാവസ്തു വകുപ്പ് ശ്രമിച്ചുവരികയാണ്.

Related Articles

Back to top button