സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ വിമര്‍ശനവുമായി പി ജയരാജൻ. മനു തോമസ് പതിനഞ്ച് മാസമായി യാതൊരു രാഷ്ട്രീയപ്രവർത്തനവും നടത്താത്തയാളാണെന്നും ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ആരെ കബളിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വെച്ച് തെറ്റായ ആരോപണങ്ങളുന്നയിച്ചാൽ കൂട്ടുനിൽക്കാനാവില്ല. ഒരു പത്രത്തിൽ നടത്തിയ പരാമർശത്തിലൂടെ തന്നെയും താറടിച്ച് കാണിക്കാൻ മനു തോമസ് ശ്രമിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.ജയരാജൻ ഫേസ്ബുക്കിൽ പറഞ്ഞു.
മനു തോമസിൻ്റെ ആരോപണങ്ങൾ വാര്‍ത്തയാക്കിയ മാധ്യമങ്ങൾക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. കര്‍ഷക കുടുംബത്തിൽ നിന്ന് എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതാവായി വളര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെത്തിയ മനു തോമസിന് ജീവിതത്തിൽ ഒട്ടേറെ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും ലഭിക്കാത്ത അനീതിക്കെതിരായ പോരാളി ഇപ്പോൾ അദ്ദേഹത്തിന് മാധ്യമങ്ങൾ നൽകുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഎമ്മിൽ നിന്ന് പുറത്തുപോയത് കൊണ്ടാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്ന ആളാണ് മനു തോമസ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാത്തയാളാണ്. സ്വര്‍ണ്ണക്കടത്ത് കൊട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം മനു തോമസ് ഉന്നയിക്കുന്നത് ആരെ കബളിപ്പിക്കാനാണ്? പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് കൂട്ടുനിൽക്കാൻ പാര്‍ട്ടിയെ കിട്ടില്ലെന്ന് ജയരാജൻ പറയുന്നു.
അനുഭാവികളുടെ പരാതികൾ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ കമ്മറ്റി അംഗത്തിന്റെ പരാതി എത്ര മാത്രം ഗൗരവമായാണ് പരിഗണിച്ചിട്ടുണ്ടാവുക എന്നത് അനുമാനിക്കാവുന്ന കാര്യമാണ്. അതുകൊണ്ട് മനു തോമസാണ് ഇക്കാര്യത്തില്‍ തിരുത്തേണ്ടത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി ഉള്‍പ്പെടുത്തിയപ്പോൾ തളിപ്പറമ്പിലും , തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളില്‍ നിന്ന് ഒഴിവാകണമെന്ന് മനു തോമസിനോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി അംഗത്വത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുണ്ട്. എന്നാല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് നിഷ്കര്‍ഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ തിരുത്തേണ്ടത് അദ്ദേഹം തന്നെയാണ്. ഇരുപതിലേറെ വർഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതിയ പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കാന്‍ അദ്ദേഹം ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുറിപ്പിലുണ്ട്.