BREAKINGKERALA

വിഴിഞ്ഞം മദര്‍ഷിപ്പ് സ്വീകരണ ചടങ്ങില്‍ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മദര്‍ഷിപ്പിനെ സ്വാഗതം ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് എം വിന്‍സെന്റ് എംഎല്‍എ. നിയമസഭയിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. എന്താണ് ഉണ്ടായത് എന്ന് പരിശോധിച്ച് തിരുത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ മറുപടിയില്‍ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യോത്തര വേളയിലെ ചര്‍ച്ചകള്‍ക്കിടയിലാണ് ഈ വിഷയം ഉയര്‍ന്നത്.
വിഴിഞ്ഞം തുറമുഖം പദ്ധതി തുടങ്ങിയത് ഇകെ നയനാര്‍ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണെന്ന് സഭയില്‍ മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത് പിണറായി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ വാദം മന്ത്രി സജി ചെറിയാനും സഭയില്‍ ഉന്നയിച്ചു. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ആദ്യം തീരുമാനിച്ചത് ഇകെ നായനാര്‍ സര്‍ക്കാരാണെന്നും ഇതിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ണമായി പൂര്‍ത്തീകരിച്ചത് പിണറായി വിജയന്‍ സര്‍ക്കാരാണ്. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്ന് എം വിന്‍സന്റ് എംഎല്‍എയുടെ പ്രതികരണത്തിനായിരുന്നു തുറമുഖ വകുപ്പ് മന്ത്രിയുടെ മറുപടി. യുഡിഎഫ് സര്‍ക്കാരിന്റെ പങ്ക് കുറച്ചു കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

Related Articles

Back to top button