LATESTWORLD

പവിഴപ്പുറ്റില്‍ ഇടിച്ച കപ്പല്‍ രണ്ടായി പിളര്‍ന്നു; മൗറീഷ്യസ് കാത്തിരിക്കുന്നത് വന്‍ദുരന്തം

പോര്‍ട്ട് ലൂയിസ് : ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ച എണ്ണക്കപ്പല്‍ രണ്ടായി പിളര്‍ന്നു. ജപ്പാന്റെ ഉടമസ്ഥതയിലുള്ള എംവി വകാഷിയോ കപ്പലാണു തകര്‍ന്നത്. പാരിസ്ഥിതിക സംരക്ഷിത പ്രദേശത്ത് ടണ്‍ കണക്കിന് ക്രൂഡ് ഓയില്‍ പടരുന്നതു വന്‍ ദുരന്തത്തിലേക്കു നയിക്കുമെന്നാണ് ആശങ്ക. ടൂറിസത്തില്‍നിന്നുള്ള വരുമാനം പ്രധാനമായ മൗറീഷ്യനെ സംബന്ധിച്ചിടത്തോളം ദശാബ്ദങ്ങള്‍ നീളുന്ന ദുരന്തമാണു കടലില്‍ കാത്തിരിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. പ്രശ്‌നത്തിന്റെ വ്യാപ്തി ഇപ്പോഴും പൂര്‍ണമായി പഠിച്ചെടുക്കാനായിട്ടില്ല.
ചൈനയില്‍നിന്ന് ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെ ജൂലൈ 25ന് ആണ് കപ്പല്‍ പവിഴപ്പുറ്റില്‍ ഇടിച്ചത്. തിരമാലകളുടെ തുടര്‍ച്ചയായ അടിയേറ്റ് കപ്പലിന്റെ പള്ളയിലെ പൊട്ടല്‍ വലുതാവുകയും കഴിഞ്ഞദിവസം രണ്ടായി പിളരുകയുമായിരുന്നു. ഓഗസ്റ്റ് 6 മുതല്‍ ആയിരം ടണ്ണിലേറെ എണ്ണയാണ് കടലിലേക്ക് ഒഴുകിച്ചേര്‍ന്നത്. കണ്ടല്‍ക്കാടുകളുടെയും വംശനാശഭീഷണി നേരിടുന്ന ജീവികളുടെയും ആവാസകേന്ദ്രമായ സംരക്ഷിത കടല്‍പ്പാര്‍ക്കിനു കടുത്ത ഭീഷണിയാണ് ഇന്ധനച്ചോര്‍ച്ച സൃഷ്ടിച്ചത്.
കഴിഞ്ഞയാഴ്ച മൗറീഷ്യസില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കപ്പലില്‍ ശേഷിക്കുന്ന 3000 ടണ്‍ എണ്ണ പമ്പ് ചെയ്‌തെടുക്കാനുള്ള കഠിനശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. എണ്ണപ്പാളി പവിഴപ്പുറ്റുകളുടെ നാശത്തിനു വഴിവയ്ക്കുമെന്നു പരിസ്ഥിതി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. മത്സ്യ സമ്പത്തിനെയും ബാധിക്കും. എണ്ണച്ചോര്‍ച്ചയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനു മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും മൗറീഷ്യസിലേക്ക് അയയ്ക്കുമെന്നു ജാപ്പനീസ് പരിസ്ഥിതി മന്ത്രി ഷിന്‍ജിറോ കൊയിസുമി പറഞ്ഞു.
അപകടമുണ്ടായി ഇത്ര ദിവസത്തിനുശേഷവും കപ്പലിലെ എണ്ണ ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നു മൗറീഷ്യസ് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നു. മോശം കാലാവസ്ഥയാണു രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചതെന്നാണു പ്രധാനമന്ത്രി പ്രവിന്ത് ജുഗ്‌നൗത്ത് പറയുന്നത്. വരുംനാളുകളില്‍ 15 അടി വരെ ഉയരത്തില്‍ തിരമാലകളുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ കൂടുതല്‍ എണ്ണ ചുറ്റിലും പടരാനും സാധ്യതയുണ്ട്.
കരയില്‍നിന്ന് 16 കിലോമീറ്റര്‍ (10 മൈല്‍) അകലെ കപ്പല്‍ നിര്‍ത്താനാണു നിര്‍ദേശിച്ചിരുന്നതെന്നും അപകടകാരണം അന്വേഷിക്കുമെന്നും ഉടമകളായ നാഗാഷിക്കി ഷിപ്പിങ് അറിയിച്ചു. കമ്പനിയില്‍നിന്നു മൗറീഷ്യസ് സര്‍ക്കാര്‍ നഷ്ടപരിഹാരം തേടിയിട്ടുണ്ട്. ജപ്പാനും ഫ്രാന്‍സും എണ്ണനീക്കത്തിന് മൗറീഷ്യസിനെ സഹായിക്കുന്നുണ്ട്.

Related Articles

Back to top button