കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങള്‍ക്കിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് പിന്തുണയുമായി ഐ.എ.എസ്. അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുത്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടര്‍ നല്‍കുന്നുണ്ടെന്നും ഐ.എ.എസ്. അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഐ.എ.എസ്. അസോസിയേഷന്റെ പിന്തുണ എന്നതും ശ്രദ്ധേയമാണ്. സംഭവമുണ്ടായതു മുതല്‍ കളക്ടര്‍ക്കെതിരേ വന്‍തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പിപി ദിവ്യ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തുമ്പോള്‍ എന്തുകൊണ്ട് കളക്ടര്‍ ഇടപെട്ടില്ല, നവീന്‍ ബാബുവിനെ എന്തുകൊണ്ട് കളക്ടര്‍ ആശ്വസിപ്പിച്ചില്ല എന്നതടക്കം ചൂണ്ടിക്കാട്ടി നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.
പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധിയില്‍ ജില്ലാ കളക്ടറുടെ മൊഴിയുടെ ഒരു ഭാഗം പുറത്തുവന്നിരുന്നു. ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം നവീന്‍ ബാബുവിനെ താന്‍ ചേംബറിലേക്ക് വിളിച്ചെന്നും അഞ്ചു മിനിറ്റോളം സംസാരിച്ചുവെന്നുമായിരുന്നു മൊഴി. ഇതില്‍ തനിക്ക് തെറ്റുപറ്റി എന്ന് നവീന്‍ ബാബു സമ്മതിച്ചെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ഇതേസംബന്ധിച്ച് കളക്ടറോട് ചോദിച്ചപ്പോള്‍ താന്‍ പോലീസിന് നല്‍കിയ മൊഴിയുടെ ഒരു ഭാഗംമാത്രമായിരുന്നുവെന്നും മൊഴി പൂര്‍ണ്ണമായും മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
66 Less than a minute