BREAKINGINTERNATIONAL

ആനകളെയും മറ്റ് 723 വന്യമൃഗങ്ങളെയും കൊന്ന് മാംസം വിതരണം ചെയ്യാന്‍ നമീബിയ

രാജ്യം നേരിടുന്ന കനത്ത വരള്‍ച്ചയെയും ഭക്ഷ്യക്ഷാമത്തെയും മറികടക്കാന്‍ 723 വന്യമൃഗങ്ങളെ കൊന്ന് ഭക്ഷണം വിതരണം ചെയ്യാന്‍ നമീബ. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങള്‍ കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ വരള്‍ച്ചയെയാണ് നേരിടുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് മൃഗങ്ങളെ കൊന്ന് ജനങ്ങള്‍ക്ക് മാസം വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് നമീബിയ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. സ്വാഭാവിക ജലസ്രോതസുകള്‍ക്ക് ഹനികരമായ രീതിയില്‍ വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്ഥലങ്ങളിലെ വന്യമൃഗങ്ങളെയാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നത്.
30 ഹിപ്പോകളെയും 60 എരുമകളെയും കൂടാതെ 50 ഇംപാല, 100 നീല കാട്ടുപോത്ത്, 300 സീബ്ര, 100 എലാന്‍ഡ് എന്നിവയെ കൊല്ലാനും രാജ്യം പദ്ധതിയിടുന്നു. 187 മൃഗങ്ങളെ പ്രൊഫഷണല്‍ വേട്ടക്കാരും സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ട കമ്പനികളും ഇതിനകം വേട്ടയാടിക്കഴിഞ്ഞു. 56,800 കിലോഗ്രാമില്‍ കൂടുതല്‍ മാംസമാണ് ഇത്തരത്തില്‍ വന്യമൃഗ വേട്ടയിലൂടെ പ്രതീക്ഷിക്കുന്നത്. നമീബിയയില്‍ ഭക്ഷ്യശേഖരത്തിന്റെ 84 ശതമാനവും കഴിഞ്ഞ മാസം തീര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നമീബിയയിലെ ജനസംഖ്യയുടെ പകുതിയോളം (1.4 ദശലക്ഷം പേര്‍) വരും മാസങ്ങളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും രൂക്ഷമായ വരള്‍ച്ചയെ നേരിടുമ്പോള്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനാലാണ് ഇത്തരമൊരു നടപടിയെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
മനുഷ്യ വന്യജീവി സാധ്യതയുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് ഇത്തരം പ്രദേശങ്ങളില്‍ നിന്ന് 83 ആനകളെ കൊല്ലും, ഇതോടൊപ്പം വരള്‍ച്ചാ ദുരിതാശ്വാസത്തിന്റെ ഭാഗമായി വന്യമൃഗങ്ങളുടെ മാംസം ജനങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. നമീബിയന്‍ പൗരന്മാരുടെ ഉന്നമനത്തിനായി സ്വന്തം പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കാന്‍ ഭരണഘടനാപരമായ അനുമതിയുണ്ടെന്നും അതിനാലാണ് ഇത്തരമൊരു നീക്കമെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. സിംബാബ്വെ, സാംബിയ, ബോട്സ്വാന, അംഗോള, നമീബിയ എന്നീ അഞ്ച് തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സംരക്ഷണ മേഖലയില്‍ 2,00,000-ത്തിലധികം ആഫ്രിക്കന്‍ ആനകള്‍ ജീവിക്കുന്നതായി കണക്കുകള്‍ പറയുന്നു.

Related Articles

Back to top button