കൊച്ചി: ആന എഴുന്നള്ളത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും ബാരിക്കേഡും വേണമെന്നത് ഉള്‍പ്പടെ കര്‍ശന വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവെച്ചത്.
ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് കോടതി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള മാര്‍ഗരേഖയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വങ്ങളെ കോടതി കക്ഷി ചേര്‍ക്കുകയും ചെയ്തു.
എതിര്‍പ്പുകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട്, മാര്‍ഗരേഖ പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു. വളരെ സെന്‍സിറ്റീവായ വിഷയമാണിതെന്നും എല്ലാവരേയും കേള്‍ക്കണം എന്നുമായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.
ഹൈക്കോടതിയുടെ പ്രധാന നിര്‍ദേശങ്ങള്‍
എഴുന്നള്ളത്തിന് ഒരു മാസം മുന്‍പ് ബന്ധപ്പെട്ടവര്‍ ജില്ലാതല സമിതിക്ക് അപേക്ഷ നല്‍കണം. ഏതെല്ലാം ആനകളെയാണ് കൊണ്ടുവരുന്നത് എന്നത് ഉള്‍പ്പടെയുള്ള വിശദാംശങ്ങളും അപേക്ഷയില്‍ വ്യക്തമാക്കണം.
രണ്ട് ആനകള്‍ തമ്മിലുള്ള ദൂരം മൂന്ന് മീറ്റര്‍ ഉണ്ടെന്ന് ഉറപ്പാക്കണം.
പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിര്‍ത്തരുത്. ആനകളെ നിര്‍ത്തുമ്പോള്‍ മേല്‍ക്കൂരയും തണലും ഉറപ്പാക്കണം.
ആനകളെ സ്വകാര്യ ഡോക്ടര്‍മാര്‍ പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കരുതെന്നും സര്‍ക്കാര്‍ വെറ്റിനറി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് മാത്രം സ്വീകരിച്ചാല്‍ മതിയെന്നും ജില്ലാതല സമിതികള്‍ക്ക് നിര്‍ദേശം.
125 കിലോമീറ്ററിലധികം ദൂരം ആനകളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനോ ആറ് മണിക്കൂറിലധികം തുടര്‍ച്ചയായി യാത്ര ചെയ്യിപ്പിക്കാനോ പാടില്ല.
ആനയെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ മണിക്കൂറില്‍ 25 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ പാടില്ല. ഇതിന് സ്പീഡ് ഗവര്‍ണര്‍ വേണം. മോട്ടോര്‍ വാഹനവകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം.
ഒന്നില്‍ കൂടുതല്‍ എഴുന്നള്ളത്തുകള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എഴുന്നള്ളത്തിന് 10ദിവസം മുന്‍പത്തേയും എഴുന്നള്ളത്ത് കഴിഞ്ഞ് അഞ്ചുദിവസത്തിന് ശേഷവുമുള്ള യാത്രാരേഖകള്‍ പരിശോധിക്കണം.
രാവിലെ ഒന്‍പതിനും വൈകീട്ട് അഞ്ചിനും ഇടയില്‍ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്. ഇതേ സമയങ്ങളില്‍ ആനയെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനും പാടില്ല.