BREAKINGKERALA
Trending

ഉരുളെടുത്ത ഇടങ്ങളില്‍ ഇന്ന് പ്രധാനമന്ത്രി എത്തും, പാക്കേജ് ആവശ്യപ്പെടാന്‍ സംസ്ഥാനം

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുo. രാവിലെ പതിനൊന്നരയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും സ്വീകരിക്കും. ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശങ്ങള്‍ ഹെകികോപ്റ്ററില്‍ ഇരുന്ന് കാണും.
ശേഷം കല്‍പ്പറ്റയില്‍ എത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗവും ചൂരല്‍മലയിലേത്തും. ബെയിലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ചികിത്സയില്‍ കഴിയുന്നവരെയും ക്യാമ്പുകളില്‍ ഉള്ളവരെയും അദ്ദേഹം കാണും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗം. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നരേന്ദ്ര മോഡിക്ക് ഒപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും.
അതേസമയം, പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നാളെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 3 മണി വരെ താമരശ്ശേരി ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഹെവി വെഹിക്കിള്‍സ്, മള്‍ട്ടി ആക്‌സില്‍ ലോഡഡ് വെഹിക്കിള്‍സ് തുടങ്ങി മറ്റു ചരക്കു വാഹനങ്ങള്‍ എന്നിവ കടത്തിവിടില്ലെന്ന് താമര രശ്ശേരി ഡിവൈഎസ്പി പി പ്രമോദ് അറിയിച്ചു.
താമരശ്ശേരിക്കും അടിവാരത്തിനും ഇടക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തും. നാളെ രാവിലെ 11 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയില്‍ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ വരവില്‍ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിലെത്തിയാല്‍ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും. ജനകീയ തെരച്ചില്‍ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എന്‍ഡിആര്‍എഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്. ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചെന്നും എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചുവെന്നും റിയാസ് പ്രതികരിച്ചു.

Related Articles

Back to top button