BREAKINGNATIONAL

‘എല്ലാ അക്കൗണ്ടും ക്ലോസ് ചെയ്യണം’; എസ്ബിഐ, പിഎന്‍ബി ബാങ്കുകളുമായുള്ള എല്ലാ ഇടപാടും അവസാനിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: പൊതുഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) എന്നിവയുമായുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബുധനാഴ്ച ഉത്തരവിട്ടു. ഈ രണ്ട് ബാങ്കുകളിലുമായി നിക്ഷേപിച്ച സര്‍ക്കാര്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സര്‍ക്കുലര്‍ നല്‍കി. ഈ സ്ഥാപനങ്ങളിലുള്ള എല്ലാ നിക്ഷേപങ്ങളും പിന്‍വലിക്കുന്നതിന് പുറമെ ഈ ബാങ്കുകളിലെ എല്ലാ അക്കൗണ്ടുകളും ക്ലോസ് ചെയ്യാനും സംസ്ഥാന ധനകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചു.
കര്‍ണാടകയിലെ ധനകാര്യ വകുപ്പ് സെക്രട്ടറി (ബജറ്റും റിസോഴ്സും) പി സി ജാഫറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ക്ലോസ് ചെയ്ത അക്കൗണ്ടുകളുടെയും നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന്റെയും വിശദാംശങ്ങള്‍ സഹിതം സംസ്ഥാന സര്‍ക്കാരിന് കംപ്ലയിന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ വകുപ്പുകളോടും ധനവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ് (KIADB) 2012 നവംബറില്‍ പിഎന്‍ബിയുടെ രാജാജിനഗര്‍ ശാഖയില്‍ 25 കോടി നിക്ഷേപിച്ചിരുന്നു. നിക്ഷേപം കാലാവധി ആയപ്പോള്‍ ബാങ്ക് തിരികെ നല്‍കിയത് 13 കോടി മാത്രമാണ്. ബാക്കി 12 കോടി ബാങ്ക് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തുവെന്നാണ് അറിയിച്ചത്.
2013ല്‍ കര്‍ണാടക സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് (കെഎസ്പിസിബി) സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരില്‍ അവന്യൂ റോഡ് ശാഖയില്‍ 10 കോടി നിക്ഷേപിച്ചു. എന്നാല്‍, സര്‍ക്കാര്‍ നിക്ഷേപം, വ്യാജരേഖകള്‍ ചമച്ച് സ്വകാര്യകമ്പനി എടുത്ത വായ്പയില്‍ ഉള്‍പ്പെടുത്തിയെന്ന് ബാങ്ക് അധികൃതര്‍ അവകാശപ്പെട്ടു. തുടര്‍ന്ന്, നിക്ഷേപം തിരികെ നല്‍കാന്‍ ബാങ്ക് വിസമ്മതിച്ചു. രണ്ട് ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

Related Articles

Back to top button