കൊച്ചി: എസ്.എന്‍.ഡി.പി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എസ്.പിയോടാണ് കോടതി ഉത്തരവിട്ടത്. എസ്.എന്‍.ഡി.പി യൂണിയന്‍ ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി.എസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കില്‍ താഴേക്ക് നല്‍കി തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലന്‍സ് അന്വേഷിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്.
ബിഡിജെഎസ് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ വെള്ളപ്പള്ളിക്കെതിരെ സിപിഎം ആരോപണം കടുപ്പിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്താണ് സംസ്ഥാന വ്യാപക അന്വേഷണം തുടങ്ങിയത്. എന്നാല്‍ വെള്ളാപ്പള്ളി ഇടത് സര്‍ക്കാറിന് അനുകൂല നിലപാടിലേക്ക് മാറിയതോടെയാണ് അന്വേഷണത്തിന്റെ സ്വഭാവവും മാറിയത്. വെള്ളാപ്പള്ളിയെ നവോത്ഥാന സംരക്ഷണ സമിതിയുടെ ചെയര്‍മാനായും സര്‍ക്കാര്‍ നിയമിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെ എല്ലാ ശാഖകളില്‍ നിന്നും പണം തിരികെ അടച്ചു വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും എസ്.എന്‍.ഡി.പി യോഗം തലയൂരി. സാമ്പത്തിക നഷ്ടം വന്നില്ലെന്ന് ചൂണ്ടികാട്ടി ഇതോടെ വിജിലന്‍സും പിന്നോട്ടുപോയി. ഈ കേസിലാണ് അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.
92 1 minute read