BREAKINGKERALA
Trending

ഏഴ് ദിവസംമുന്‍പ് മുന്നറിയിപ്പ് നല്‍കി, സംസ്ഥാനം അത് അവഗണിച്ചു; കേരളത്തിനെതിരേ രാജ്യസഭയില്‍ അമിത് ഷാ

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനെതിരേ കടുത്ത വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏഴ് ദിവസം മുമ്പ് കേരളത്തിന് പ്രളയമുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കേരളം കണക്കിലെടുത്തില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഷാ ആരോപിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് രാജ്യസഭയില്‍ ഒരു മണിക്കൂറോളം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുന്നറിയിപ്പ് കേരളം എന്തിന് അവഗണിച്ചെന്നു ചോദിച്ച അമിത് ഷാ, ജനങ്ങളെ എന്തുകൊണ്ട് മാറ്റിപാര്‍പ്പിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നുവെന്നും വിമര്‍ശിച്ചു.
‘ദുരന്തത്തില്‍ കേന്ദ്രത്തിന് വീഴ്ചയില്ല. കേരളം അടക്കം പ്രളയ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്ത് 20 സെന്റീമീറ്ററില്‍ അധികം മഴ പെയ്യാനും മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നും ജൂലായ് 23-ന് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാനത്തോട് നിര്‍ദേശിച്ചു. പിന്നീട് ജൂലായ് 24, 25, 26 തീയതികളിലും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ വെബ് സൈറ്റിലും ഈ മുന്നറിയിപ്പ് ഉണ്ട്. എന്നാല്‍, ചിലര്‍ ഇന്ത്യന്‍ സൈറ്റുകള്‍ നോക്കില്ല. വിദേശസൈറ്റുകള്‍ മാത്രമേ പരിഗണിക്കൂ. സാഹചര്യം പരിഗണിച്ച് കേരളത്തിലേക്ക് എന്‍.ഡി.ആര്‍.എഫിന്റെ ഒമ്പത് ബെറ്റാലിനുകളെ ജൂലൈ 23-ന് തന്നെ അയച്ചു’, അമിത് ഷാ വ്യക്തമാക്കി. ഇത് രാഷ്ട്രീയ വാക്ക്‌പോരിനുള്ള സമയമല്ലെന്നും ദുരന്തത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും ഷാ പറഞ്ഞു

Related Articles

Back to top button