BREAKINGINTERNATIONAL

ഒരു മണിക്കൂറില്‍ പ്രകമ്പനമുണ്ടായത് രണ്ട് തവണ; ചുഴലിക്കാറ്റ് വിതച്ച നാശത്തിന് പിന്നാലെ ക്യൂബയില്‍ ശക്തമായ ഭൂചലനം

ഹവാന: ചുഴലിക്കാറ്റ് വിതച്ച നാശത്തിന് പിന്നാലെ ക്യൂബയില്‍ തുടര്‍ച്ചയായ രണ്ട് ഭൂചലനങ്ങള്‍. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് കിഴക്കന്‍ ക്യൂബയിലാണ്. ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി.
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം ക്യൂബയിലെ ബാര്‍ട്ടലോം മാസോയില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സാന്റിയാഗോ ഡി ക്യൂബ, ഹോള്‍ഗുയിന്‍, ഗ്വാണ്ടനാമോ തുടങ്ങിയ വലിയ നഗരങ്ങളില്‍ ഉള്‍പ്പെടെ ക്യൂബയുടെ കിഴക്കന്‍ ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രകമ്പനം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ ഭയന്ന് വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി. ചില കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായപ്പോള്‍, ചില വീടുകള്‍ക്ക് വിള്ളലുണ്ടായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാറ്റഗറി 3 വിഭാഗത്തില്‍പ്പെട്ട റാഫേല്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതോടെ ക്യൂബയില്‍ കഴിഞ്ഞയാഴ്ച വെള്ളപ്പൊക്കമുണ്ടായി. നൂറു കണക്കിന് വീടുകള്‍ തകര്‍ന്നു. സാമ്പത്തിക പ്രതിസന്ധിയും വൈദ്യുത പ്രതിസന്ധിയും രൂക്ഷമായി വലയ്ക്കുന്നിനിടെയാണ് ഇരുട്ടടിയായി ചുഴലിക്കാറ്റെത്തിയത്. 50000ത്തോളം പേരാണ് ഹവാനയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിയത്. ഹവാനയിലെ തെക്കന്‍ തീരദേശ നഗരമായ ബട്ടാബനോയില്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് റോഡ് ഗതാഗതം നിലച്ചു. മണിക്കൂറില്‍ 345 കിലോമീറ്റര്‍ വേഗതയിലാണ് റാഫേല്‍ ക്യൂബയില്‍ ആഞ്ഞടിച്ചത്. പടിഞ്ഞാറന്‍ മേഖലയിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്.

Related Articles

Back to top button