BREAKINGNATIONAL

‘കുടി നിര്‍ത്തിയിട്ട് 6 വര്‍ഷം ‘; മദ്യവ്യവസായി വിജയ് മല്യയുടെ മകന്റെ പോസ്റ്റ് വൈറല്‍

മദ്യപാനികളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയ സംഗതിയാണ് മദ്യം ഒഴിവാക്കുക എന്നത്. നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ മാത്രമാണ് മദ്യപാനം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ ആറ് കൊല്ലമായി താന്‍ മദ്യപാനം പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് വിവാദമദ്യവ്യവസായി വിജയ് മല്യയുടെ മകനും നടനും മോഡലുമായ സിദ്ധാര്‍ഥ മല്യ. ആറ് കൊല്ലമായി താന്‍ ആല്‍ക്കഹോള്‍-ഫ്രീ യാണെന്നാണ് സിദ്ധാര്‍ഥ പോസ്റ്റില്‍ പറയുന്നത്. ഇതിനോടകം വൈറലായ പ്രചോദനപരമായ പോസ്റ്റിന് അഭിനന്ദമറിയിച്ച് നിരവധി പേര്‍ പ്രതികരിക്കുകയാണ്.
‘മദ്യമില്ലാതെ ഇന്ന് ആറ് കൊല്ലം തികയുന്നു. ആര്‍ക്കെങ്കിലും മദ്യം ഒഴിവാക്കണമെന്നുണ്ടെങ്കില്‍ അതിനുള്ള ഓര്‍മപ്പെടുത്തലാണിത്. നിങ്ങള്‍ക്ക് ഏറ്റവും നല്ലതേതെന്ന് നിങ്ങള്‍ക്കാണ് അറിയാവുന്നത്. നിങ്ങള്‍ മറുപടി നല്‍കേണ്ടത് നിങ്ങളോടാണ്. നിങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് മാത്രമാണ് സാധിക്കുക’, സ്വന്തം ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയ പോസ്റ്റില്‍ സിദ്ധാര്‍ഥ കുറിച്ചിരിക്കുന്നതിങ്ങനെ.
സിദ്ധാര്‍ഥയുടെ ഭാര്യ ജാസ്മിന്‍ സാന്റിയാഗോ ഉള്‍പ്പെടെ നിരവധി പേര്‍ പോസ്റ്റിനോട് റിയാക്ട് ചെയ്തു. ഇക്കൊല്ലം ജൂണിലാണ് സിദ്ധാര്‍ഥയും ജാസ്മിനും ഔദ്യോഗികമായി വിവാഹിതരായത്. യുകെയിലെ വിജയ് മല്യയുടെ ബംഗ്ലാവിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹച്ചടങ്ങുകള്‍.
സിദ്ധാര്‍ഥയുടെ പോസ്റ്റ് വളരെ പ്രചോദനപരമാണെന്നാണ് പലരുടേയും കമന്റ്. ഇതേമാറ്റം ജീവിതത്തില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായി പലരും കമന്റ് ചെയ്തു. 2020ല്‍ തന്റെ മദ്യപാനം ഉപേക്ഷിക്കുന്നതിനുള്ള തീരുമാനമറിയിച്ച് ഒരു ഫേസ്ബുക്ക് വീഡിയോ സിദ്ധാര്‍ഥ ഷെയര്‍ ചെയ്തിരുന്നു. മദ്യവ്യവസായ കുടുംബത്തിലുള്ള ഓരംഗത്തിന് അത് സാധ്യമാകുമോയെന്ന് പലരും അന്ന് ചോദ്യങ്ങളിലൂടെ പ്രതികരിച്ചിരുന്നു. തന്റെ മാനസികാരോഗ്യത്തിന് മദ്യപാനം ഉപേക്ഷിക്കുന്നതാണ് നല്ലതെന്നായിരുന്നു അന്ന് സിദ്ധാര്‍ഥയുടെ മറുപടി.

Related Articles

Back to top button