ദില്ലി;വിവാദങ്ങള്‍ക്കിടെ കന്‍വര്‍ യാത്രക്ക് നാളെ തുടക്കം. യാത്രാവഴിയിലെ ഭക്ഷണ ശാലകളില് ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യോഗി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെ ഉത്തര്‍ പ്രദേശില്‍ ജാഗ്രത കര്‍ശനമാക്കി. കന്‍വര്‍ യാത്ര വിവാദം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കും.
കന്‍വര്‍ തീര്‍ത്ഥാടകര്‍ യാത്ര ചെയ്യുന്ന മുസഫര്‍ ജില്ലയിലെ വഴികളിലെ ഭക്ഷണ ശാലകളില് ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യുപി സര്‍ക്കാര്‍ ഉത്തരവാണ് വിവാദമായത്. നടപടിക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയെങ്കിലും മറ്റ് ജില്ലകളിലും യുപി സര്‍ക്കാര്‍ സമാന നിര്‍ദേശം നല്‍കിയതോടെ വിവാദം കത്തി. മധ്യപ്രദേശിലെ ഉജ്ജയിനിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും സമാന ഉത്തരവ് നല്‍കിയിരുന്നെന്ന വിവരവും പുറത്തുവന്നു. എന്‍ഡിഎയിലെ സഖ്യകക്ഷികള്‍ പോലും എതിര്‍പ്പ് പരസ്യമാക്കിയെങ്കിലും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് യോഗി ആദിത്യനാഥ് ആവര്‍ത്തിച്ചു. നാളെയാണ് ഔദ്യോഗികമായി യാത്രയ്ക്ക് തുടക്കമാകുന്നതെങ്കിലും തീര്‍ത്ഥാടകര്‍ പലയിടങ്ങളില്‍നിന്നായി പുറപ്പെട്ടിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന വഴികളിലെല്ലാം ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയതായി യുപി പോലീസ് അറിയിച്ചു. ഇതിനിടെയാണ് വിവാദം പാര്‍ലമെന്റിലേക്കുമെത്തുന്നത്. കോണ്‍ഗ്രസുള്‍പ്പടെ വിഷയം ഇരുസഭകളിലും ശക്തമായി ഉന്നയിക്കും. ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി അസദുദീന്‍ ഒവൈസിയുള്‍പ്പടെയുള്ളവര്‍ നോട്ടീസ് നല്‍കാനാണ് നീക്കം.
67 Less than a minute