KERALABREAKINGNEWS
Trending

കുവൈത്തിലെ ബാങ്കില്‍ നിന്ന് 700 കോടി തട്ടിയ 1425 മലയാളികള്‍ക്കെതിരെ അന്വേഷണം

 


കൊച്ചി: കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികള്‍. ബാങ്കിന്റെ 700 കോടി രൂപയോളം തട്ടിയ സംഭവത്തില്‍ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരില്‍ 700 ഓളം പേര്‍ നഴ്‌സുമാരാണ്. കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും വായ്പയെടുത്തവര്‍ കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതര്‍ സംസ്ഥാന പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കി. ദക്ഷിണ മേഖലാ ഐജി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും.

2020-22 കാലത്താണ് ബാങ്കില്‍ തട്ടിപ്പ് നടന്നത്. കുവൈത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരുമാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയത്. ആദ്യം ബാങ്കില്‍ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്‌കോര്‍ ഉയര്‍ത്തിയ ശേഷം പ്രതികള്‍ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കുവൈത്ത് ബാങ്ക് അധികൃതര്‍ അന്വേഷണം തുടങ്ങിയത്. തട്ടിപ്പ് നടത്തിയവരില്‍ കുറച്ചേറെ പേര്‍ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് കേരളത്തിലെത്തി പൊലീസിലെ ഉന്നതരെ കണ്ടത്.

ആദ്യം ഡിജിപിയെയും പിന്നീട് എഡിജിപിയെയും ബാങ്ക് അധികൃതര്‍ കണ്ടു. നവംബര്‍ അഞ്ചിന് എഡിജിപി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നല്‍കി. പ്രതികളുടെ വിലാസമടക്കമാണ് പരാതി നല്‍കിയത്. ഇത് പ്രകാരം അന്വേഷണം നടത്തിയാണ് 10 പേര്‍ക്കെതിരെ കേസെടുത്തത്. കുറ്റകൃത്യം നടന്നത് കേരളത്തിലല്ലെങ്കിലും വിദേശത്ത് കുറ്റകൃത്യം നടത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന പൗരന്മാര്‍ക്കെതിരെ കേസെടുക്കാന്‍ നിയമപരമായി സാധിക്കും. ബാങ്കിനെ കബളിപ്പിച്ചെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം, കോട്ടയം ജില്ലക്കാരായ 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആദ്യം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്നാണ് നിഗമനം. ഇതിന് പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്.

 

Related Articles

Back to top button