BREAKINGKERALA
Trending

കൃഷ്ണദാസിനെ തളളി സിപിഎം, കള്ളപ്പണം പാലക്കാട് എത്തിയിട്ടുണ്ട്, സമഗ്ര അന്വേഷണം വേണം

പാലക്കാട് : ട്രോളി കളളപ്പണ വിവാദത്തില്‍ സിപിഎമ്മില്‍ ഭിന്നത. ട്രോളി വിവാദം അനാവശ്യമെന്ന് തുറന്നടിച്ച മുതിര്‍ന്ന നേതാവ് എന്‍എന്‍ കൃഷ്ണദാസിനെ തളളി സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു രംഗത്തെത്തി. കള്ളപ്പണം പാലക്കാട് എത്തിയെന്നതാണ് വസ്തുതയെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
ട്രോളിയില്‍ പണമുണ്ടോ ഇല്ലയോ എന്നത് പാര്‍ട്ടികളല്ല പൊലീസാണ് നോക്കേണ്ടതെന്നും പാലക്കാട്ട് വികസനം ചര്‍ച്ച ചെയ്യണമെന്നുമുള്ള കൃഷ്ണദാസിന്റെ പ്രസ്താവന തള്ളിയ സുരേഷ് ബാബു, കൃഷ്ണദാസ് പറഞ്ഞതിനെ തുറിച്ച് കൃഷ്ണദാസിനോട് തന്നെ ചോദിക്കണമെന്നും സിപിഎമ്മില്‍ ഒരു പ്രതിസന്ധിയും അഭിപ്രായ ഭിന്നതയുമില്ലെന്നും വിശദീകരിച്ചു.
പാലക്കാട് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരായി വരുന്ന എല്ലാ കാര്യവും ചര്‍ച്ച ചെയ്യണമെന്നാണ് പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷ് പറഞ്ഞത്. കൈതോല പായയും ഈന്തപ്പഴത്തിന്റെ കുരുവും ചര്‍ച്ച ചെയ്‌തെങ്കില്‍ ഇത് ചര്‍ച്ച ചെയ്യേണ്ടേ? പാലക്കാട് എല്ലാ ജനകീയ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുന്നുണ്ട്. എന്ത് വികസന കാര്യങ്ങളാണ് ചര്‍ച്ച ചെയ്യാത്തത്? പാലക്കാട് കള്ളപ്പണം വന്നിട്ടുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാഷ് പറഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കുമ്പോള്‍ എല്ലാ കാര്യങ്ങളും പുറത്ത് വരും. ഷാഫി പറമ്പിലിന്റെ കാറില്‍ കയറിയെന്നാണ് യുഡിഫ് സ്ഥാനാര്‍ഥി ആദ്യം പറഞ്ഞത്. കാറില്‍ ഷാഫി ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കണം. 10 മീറ്റര്‍ ദൂരം പോകാന്‍ ഒരു കാര്‍, 700 മീറ്റര്‍ ദൂരം പോയപ്പോള്‍ മറ്റൊരു കാറില്‍ കയറുന്നു. സിനിമയില്‍ അധോലോക സംഘം ചെയ്യുന്നത് പോലെയായിരുന്നു ഇതെല്ലാം. കോണ്‍ഗ്രസ് നേതാക്കളുടെ കളളപ്പണത്തിനെതിരെ താന്‍ നല്‍കിയ പരാതിയില്‍ പൊലീസ് മൊഴിയെടുക്കാന്‍ വിളിക്കുമെന്നാണ് കരുതുന്നതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

Related Articles

Back to top button