BREAKINGKERALA

കേരളത്തിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി അഞ്ച് സംസ്ഥാനങ്ങളില്‍ 90 സെക്കന്‍ഡ് തിയേറ്റര്‍ പരസ്യം

ന്യൂഡല്‍ഹി: പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങളുമായി പിണറായി സര്‍ക്കാര്‍. കേരളത്തിന്റെ സവിശേഷനേട്ടങ്ങള്‍, ഭരണനേട്ടങ്ങള്‍, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മാതൃകകള്‍ എന്നിവ വിശദീകരിച്ചുള്ള തിയേറ്റര്‍ പരസ്യവുമായി അഞ്ചുസംസ്ഥാനങ്ങളിലേക്ക്. മലയാളിസാന്നിധ്യമേറെയുള്ള കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ നഗരപരിധിയിലുള്ള 100 തിയേറ്ററുകളിലാണ് 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം രാജ്യവ്യാപകമായി ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും പ്രഭ മങ്ങിയ പശ്ചാത്തലത്തില്‍ക്കൂടിയാണ് കേരളത്തിന്റെ ഇടതുഭരണമാതൃക വിവരിച്ചുള്ള പ്രദര്‍ശനമൊരുങ്ങുന്നത്. ഇതിന് പി.ആര്‍.ഡി.യുടെ എംപാനല്‍ഡ് ഏജന്‍സികള്‍, സാറ്റലൈറ്റ് ലിങ്ക് വഴി തിയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം നടത്തുന്ന ക്യൂബ്, യു.എഫ്.ഒ. എന്നിവയെ ചുമതലപ്പെടുത്താനാണ് തീരുമാനം.
ഒരുതവണ പ്രദര്‍ശനത്തിന് 162 രൂപയാണ് നല്‍കുക. പരമാവധി 28 ദിവസം പ്രദര്‍ശിപ്പിക്കണം. ഇതിനെല്ലാമായി അന്തഃസംസ്ഥാന പബ്ലിക് റിലേഷന്‍സ് പ്ലാനില്‍നിന്ന് 18.2 ലക്ഷംരൂപ സംസ്ഥാന വിവര-പൊതുസമ്പര്‍ക്ക വകുപ്പ് അനുവദിച്ചു.

Related Articles

Back to top button