BREAKINGKERALA

കൊച്ചിയില്‍ അലന്‍ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകള്‍ മോഷ്ടിച്ച സംഭവം; 3 പേര്‍ ദില്ലിയില്‍ പിടിയില്‍, 20 ഫോണുകള്‍ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലന്‍ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ ദില്ലിയില്‍ പിടിയില്‍. 20 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആന്‍ഡ്രോയിഡും ഉള്‍പ്പടെ 39 ഫോണുകളാണ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടിലെ അലന്‍ വാക്കര്‍ ഷോയ്ക്കിടെ നഷ്ടപ്പെട്ടത്.
പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോ, സ്റ്റേജില്‍ അലന്‍ വാക്കര്‍ സംഗീതത്തിന്റെ ലഹരി പടര്‍ത്തുമ്പോഴാണ് സംഗീതാസ്വാദകര്‍ക്കിടയില്‍ സിനിമാ സ്‌റ്റൈലിലുള്ള വന്‍ കവര്‍ച്ച നടന്നത്. കാണികള്‍ക്കിടയിലേക്ക് കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം നുഴഞ്ഞുകയറി. ചടുല താളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കിനിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്.
അലന്‍ വാക്കറുടെ ബാംഗ്ലൂര്‍ ഷോയ്ക്കിടെയും ഫോണുകള്‍ നഷ്ടപ്പെട്ടിരുന്നു. മോഷണ സംഘം ഇവിടെയും എത്തിയിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോണുകള്‍ പലതും ഓഫ്‌ലൈന്‍ മോഡിലാകുമ്പോള്‍ പഴയ ലൊക്കേഷന്‍ വിവരം ലഭിക്കുന്നത് അന്വേഷണ സംഘത്തെ കുഴച്ചിരുന്നു. ദില്ലിയിലെ ചോര്‍ ബസാറില്‍ മൊബൈലുകളെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ദില്ലിയിലേക്ക് തിരിച്ചത്.

Related Articles

Back to top button