വന്യമൃഗങ്ങളില്‍ ഏറ്റവും അക്രമകാരികളായി കണക്കാക്കപ്പെടുന്ന ജീവിയാണ് ചീങ്കണ്ണി. ഓരോ വര്‍ഷവും ചീങ്കണ്ണികളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍, ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ എല്ലാവരെയും അമ്പരപ്പിക്കുകയാണ്.
ഒരു ജലാശയത്തിനുള്ളില്‍ ചീങ്കണ്ണിയോടൊപ്പം നീന്തുകയും അതിന് ഭക്ഷണം നല്‍കുകയും ചെയ്യുന്ന ഒരു യുവതിയാണ് വീഡിയോയില്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ യുവതിയുടെ ധൈര്യത്തിന് വലിയ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. എന്നാല്‍, ചെറിയൊരു വിഭാഗം ജീവന്‍ പണയം വെച്ചുകൊണ്ടുള്ള ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് ഒരിക്കലും പ്രോത്സാഹനജനകം അല്ലെന്നും അഭിപ്രായപ്പെട്ടു.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോയില്‍ ബെല്ലോവിംഗ് ഏക്കര്‍ അലിഗേറ്റര്‍ സാങ്ച്വറി എന്ന വന്യജീവി സങ്കേതത്തിന്റെ ഉടമയായ ഗാബി എന്ന സ്ത്രീയാണ് ഉള്ളത്. വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പില്‍ ഇവര്‍ പറയുന്നത് അനുസരിച്ച് ബെല്ല എന്ന പെണ്‍ചീങ്കണ്ണിയാണ് ജലാശയത്തില്‍ ഗാബിയോടൊപ്പം ഉള്ളത്. ബെല്ല വളരെ ദേഷ്യക്കാരി ആണെന്നും അതിനാല്‍ ഭക്ഷണം കൊടുക്കുമ്പോള്‍ അവളെ ശാന്തയാക്കാന്‍ ചില സൂത്രപ്പണികള്‍ ചെയ്‌തേ മതിയാകൂ എന്നും കുറിപ്പില്‍ പറയുന്നു.
ചുറ്റും മരങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു പ്രദേശത്തെ ജലാശയത്തിലാണ് ഗാബിയും ബെല്ലയും ചേര്‍ന്ന് നീന്തിക്കളിക്കുകയും ബെല്ലക്ക് ഭക്ഷണം നല്‍കാനുള്ള ശ്രമങ്ങള്‍ ഉടമയായ ഗാബി നടത്തുകയും ചെയ്യുന്നത്. ഭക്ഷണം വായില്‍ എറിഞ്ഞു കൊടുത്തതിന് ശേഷം ഗാബി ചീങ്കണ്ണിയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിക്കുന്നതും കാണാം. ഇന്‍സ്റ്റഗ്രാമില്‍ വൈറലായി വീഡിയോ 3 ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു.
84 1 minute read