ന്യൂഡല്‍ഹി: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമുള്ള തന്റെ ആദ്യ സന്ദര്‍ശനം ഇറ്റലിയിലേക്കാണ് എന്നതില്‍ സന്തോഷമുണ്ടെന്നും സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം നിലനിര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പുറപ്പെടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വന്നശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ജി7 ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നത് ഇത് അഞ്ചാം തവണയാണ്. ആതിഥേയ രാജ്യമായ ഇറ്റലിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നത്.
ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നാളെയാണ് പ്രധാനമന്ത്രിയും മാര്‍പാപ്പയും കാണുക. അമേരിക്ക, യുക്രൈന്‍, ഫ്രാന്‍സ് രാജ്യതലവന്‍മാരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2021 ല്‍ വത്തിക്കാനില്‍ വെച്ച് മോദി മാര്‍പാപ്പയെ കണ്ടിരുന്നു.