റാഫ: തെക്കന്‍ ഗാസയിലെ സുരക്ഷിത മേഖലയില്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം. ഖാന്‍ യൂനിസിന് പടിഞ്ഞാറ് അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെടുകയും 289 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ?ഗുരുതരമാണെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ സൈന്യം ”സുരക്ഷിത മേഖലയായി നിശ്ചയിച്ചിരിക്കുന്ന മേഖലയിലാണ് ആക്രമണം നടന്നത്. പലസ്തീന്‍കാരുടെ താത്കാലിക കൂരകളും വാട്ടര്‍ ഡിസ്റ്റിലേഷന്‍ യൂണിറ്റും ലക്ഷ്യംവെച്ചാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നും ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് പ്രതികരിച്ചു.
അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളും ഇസ്രായേല്‍ സൈന്യം പ്രദേശത്ത് വര്‍ഷിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ നാസര്‍, കുവൈത്ത് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഒരു മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഇസ്രായേല്‍ സൈന്യം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ഇതാദ്യമല്ലെന്നും പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
78 Less than a minute