BREAKINGKERALA

‘തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും’; തൊണ്ടിമുതല്‍ കേസില്‍ സുപ്രീംകോടതി

ദില്ലി: തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണത്തിനെതിരെ മുന്‍ മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. വ്യവസ്ഥിതിയില്‍ പരിശുദ്ധി ഉറപ്പാക്കിയേ മതിയാകൂ എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസില്‍ ഹര്‍ജികള്‍ വിധി പറയാനായി മാറ്റി.
തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നും കേസ് ഗുരുതരം ആണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ആന്റണി രാജു സമര്‍പ്പിച്ച് ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
അടിവസ്ത്രത്തില്‍ ഹാഷിഷുമായി സാല്‍വാദോര്‍ സാര്‍ലി എന്ന ഓസ്‌ട്രേലിയന്‍ സ്വദേശിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍ ആകുന്നത്. ഈ വിദേശിയെ കേസില്‍ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചത്. ആന്റണി രാജുവിന്റെ സീനിറായി അഭിഭാഷക സെലിന്‍ വില്‍ഫ്രണ്ടാണ് വിദേശിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. മയക്കുമരുന്ന് കേസില്‍ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. പക്ഷെ ഹൈക്കോടതി സാര്‍ലിയെ വെറുതെവിട്ടു.
പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് വെറുതെവിട്ടത്. തൊണ്ടിമുതലില്‍ കൃത്രിമുണ്ടായെന്ന സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ജയമോഹന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങുന്നത്. 1994ലാണ് വഞ്ചിയൂര്‍ പൊലീസ് ഇത് സംബന്ധിച്ച് കേസെടുക്കുന്നത്. തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലര്‍ക്കായ ജോസും അഭിഭാഷകനായ ആന്റണി രാജുവും ചേര്‍ന്നാണ് തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചു എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.

Related Articles

Back to top button