ആംസ്റ്റര്‍ഡാം: തിരക്കേറിയ റോഡില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ കത്തിക്കരിഞ്ഞ് വിമാനം. പൈലറ്റിന് ദാരുണാന്ത്യം. ഏവിയേഷന്‍ അക്കാദമിയുടെ വിമാനമാണ് നടുറോഡില്‍ അഗ്‌നിഗോളമായത്. ചെറു വിമാനത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് നെതര്‍ലാന്‍ഡിലെ ബ്രഡയ്ക്ക് സമീപം അപകടമുണ്ടാവുന്നത്. റോട്ടര്‍ഡാമില്‍ നിന്ന് 37 മൈല്‍ അകലെയാണ് അപകടമുണ്ടായ ഇടം.
റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ എടുത്ത അപകട ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ബ്രഡ വിമാനത്താവളത്തിന് സമീപത്തെ തിരക്കേറിയ ദേശീയ പാതയിലാണ് വിമാനം കൂപ്പുകുത്തിയത്. വലിയ രീതിയില്‍ പുകയും തീയും ഉയരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പരിശീലന പറക്കലിന് ഇടയിലാണ് അപകടമുണ്ടായിട്ടുള്ളത്. നോര്‍ത്ത് ബ്രബാന്റ്, സീലാന്‍ഡ് എന്നീ ഡച്ച് പ്രവിശ്യകളിലൂടെ കടന്നുപോവുന്ന 145 കിലോമീറ്റര്‍ നീളമുള്ള ദേശീയ പാതകളിലൊന്നിലാണ് അപകടമുണ്ടായിട്ടുള്ളത്
തൊട്ടുമുന്നിലുണ്ടായ അപകടത്തില്‍ ഞെട്ടി വിറച്ച് റോഡില്‍ ഇറങ്ങി നില്‍ക്കുന്ന മറ്റ് വാഹനങ്ങളിലെ ആളുകളെയും വൈറലായ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുന്നതായുമാണ് ഏവിയേഷന്‍ അക്കാദമി വിശദമാക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് അടക്കമുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് റോഡിലെ തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിന് പിന്നാലെ ഏവിയേഷന്‍ അക്കാദമി അടച്ചു. പൈലറ്റ് പരിശീലനവും വാടകയ്ക്ക് വിമാനങ്ങള്‍ നല്‍കുന്നതടക്കമുള്ള സേവനങ്ങളാണ് അക്കാദമി നല്‍കുന്നത്.
49 Less than a minute