ട്രക്കിംഗിനിടെയില്‍ നദിയില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഭാര്യയും ഒഴുക്കില്‍പ്പെട്ട് മരിച്ചു. പ്രശസ്ത ചൈനീസ് ട്രാവല്‍ ബ്ലോഗര്‍ അഗുവും ഭാര്‍ത്താവുമാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. നദിയിലേക്ക് കാല്‍ തെന്നി വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍, നദിയിലേക്ക് ചാടിയ ഭാര്യയും ഒഴുക്കില്‍പ്പെടുകയായിരുന്നെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സമൂഹ മാധ്യമത്തില്‍ ‘അഗു’ (Agu) എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന 35 കാരിയായ ചൈനീസ് ബ്ലോഗറും അവരുടെ 41 കാരനായ ജാപ്പനീസ് ഭര്‍ത്താവുമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും ചൈനീസ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്ന ട്രാവല്‍ ബ്ലോഗരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 29 നാണ് സുഹൃത്തായ മറ്റൊരു യുവതിക്കൊപ്പം ഇരുവരും മധ്യ ജപ്പാനിലെ ഗിഫുവിലേക്ക് ട്രക്കിംഗിനായി എത്തിയത്. ഈ സമയത്ത് നദിയില്‍ ശക്തമായ കുത്തൊഴുക്ക് ഉണ്ടായിരുന്നു. നദിക്കരയിലൂടെ നടക്കവെ അഗുവിന്റെ ഭര്‍ത്താവ് കാല്‍വഴുതി നദിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ഭര്‍ത്താവിനെ രക്ഷിക്കാനായി അഗുവും നദിയിലേക്ക് ചാടിയെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് ഇരുവരെയും കാണാതായി. പിന്നീട് മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മല കയറുന്നതിനിടയില്‍ ആദ്യം അപകടത്തില്‍പ്പെട്ടത് ഭര്‍ത്താവായിരുന്നു. ഭര്‍ത്താവ് നദിയിലേക്ക് വീണതും 100 മീറ്ററോളം നീളമുള്ള കയര്‍, അഗു ഭര്‍ത്താവിന് എറിഞ്ഞ് കൊടുത്തു. എന്നാല്‍ നദിയിലെ ജലനിരപ്പ് പെട്ടെന്ന് അസാധാരണമാം വിധം ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കയറില്‍ പിടിക്കാന്‍ കഴിഞ്ഞില്ല. തൊട്ട് പിന്നാലെ അഗൂവും നദിയിലേക്ക് ചാടുകയായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും ശക്തമായ കുത്തൊഴുക്കില്‍പ്പെട്ടു. ദമ്പതികള്‍ വീണ് മരിച്ച നദിക്ക് 80 മീറ്റര്‍ വീതിയും ചിലയിടങ്ങളില്‍ 20 മീറ്റര്‍ വരെ ആഴവുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസങ്ങളില്‍ പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടര്‍ന്ന് നദിയില്‍ അതിശക്തമായ കുത്തൊഴുക്കും ഉയര്‍ന്ന ജലനിരപ്പും രേഖപ്പെടുത്തിയിരുന്നെന്ന് റിപ്പോര്‍ട്ടുല്‍ പറയുന്നു. അപകടത്തില്‍ പെടുമ്പോള്‍ ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്.
90 1 minute read