BREAKINGNATIONAL

നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഫോണ്‍ മോഷ്ടിച്ചു, ഫോണ്‍ ട്രാക്ക് ചെയ്ത് പ്രതിയിലേക്കെത്തി പൊലീസ്

ലഖ്‌നൗ: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ഉത്തരാഖണ്ഡില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗര്‍ ജില്ലയിലെ രുദ്രാപൂരില്‍ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ജൂലൈ 30 നാണ് കുറ്റകൃത്യം നടന്നത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയെ പൊലീസ് പിടികൂടി. നഴ്‌സില്‍ നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
നൈനിതാളിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്നു 33കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. 11 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് ഇവര്‍. ഉദംസിംഗ് നഗറിലെ ബിലാസ്പൂര്‍ കോളനിയിലാണ് താമസിച്ചിരുന്നത്. ജൂലൈ 30 ന് ചൊവ്വാഴ്ച സഹോദരി വീട്ടില്‍ വന്നിട്ടില്ലെന്ന് കാണിച്ച് സഹോദരന്‍ ജൂലൈ 31 ന് പരാതി നല്‍കിയതോടെയാണ്‌പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഒരാഴ്ചയ്ക്ക് ശേഷം ദിബ്ദിബയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. തുടര്‍ന്ന് അന്വേഷണ സംഘം ഇരയുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ധര്‍മേന്ദ്ര എന്ന യുവാവിന്റെ പക്കല്‍ ഫോണുണ്ടെന്ന് കണ്ടെത്തി. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടി.
ചോദ്യം ചെയ്യലില്‍ കുറ്റം ചെയ്തതായി ധര്‍മേന്ദ്ര സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഉധം സിംഗ് നഗറിലെ കാശിപൂര്‍ റോഡിലുള്ള ബസുന്ദര അപ്പാര്‍ട്ട്മെന്റിനുള്ളില്‍ നഴ്സിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ഒറ്റപ്പെട്ട പ്രദേശത്തിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. യുവതിയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും പണവുമായി ഇയാള്‍ ഉത്തരാഖണ്ഡില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button