BREAKINGNATIONAL

പതഞ്ജലി കേസ്: സ്വന്തം ചെലവില്‍ ക്ഷമാപണം പ്രസിദ്ധീകരിക്കണം, ഐഎംഎ പ്രസിഡന്റിനോട് സുപ്രീംകോടതി

ദില്ലി: ജുഡീഷ്യറിക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്വന്തം ചെലവില്‍ പ്രമുഖ പത്രങ്ങളില്‍ ഖേദപ്രകടനം നടത്തണമെന്ന് സുപ്രീംകോടതി. പതഞ്ജലി കേസില്‍ ഐഎംഎ പ്രസിഡന്റ് ഡോ. ആര്‍ വി അശോകന്‍ സുപ്രീംകോടതിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി.
ഐഎംഎയുടെ പ്രതിനിധി എന്ന നിലയിലല്ല, വ്യക്തിപരമായി അശോകന്‍ ഈ ക്ഷമാപണം നടത്തണമെന്നും ചെലവ് അദ്ദേഹം തന്നെ വഹിക്കണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്ലിയുടെയും സന്ദീപ് മേത്തയുടെയും ബെഞ്ച് ഉത്തരവിട്ടു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശമെന്ന് ഐഎംഎയെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകന്‍ പിഎസ് പട്വാലിയ കോടതിയെ അറിയിച്ചു. ഏതെല്ലാം പ്രസിദ്ധീകരണങ്ങളിലാണോ ഈ അഭിമുഖം വന്നിട്ടുള്ളത് അവയിലെല്ലാം ക്ഷമാപണം നടത്തണം. നിങ്ങള്‍ സ്വയം കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണെന്നും കൈ കഴുകാനാവില്ലെന്നും ബെഞ്ച് പറഞ്ഞു.
പതഞ്ജലിയുടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഐഎംഎ പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനം. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പതഞ്ജലി അപവാദ പ്രചരണം നടത്തുന്നതായി ഐഎംഎ ആരോപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെ ഡോക്ടര്‍മാരുടെ ചില പ്രവണതകളെയും അസോസിയേഷനെയും കോടതി വിമര്‍ശിച്ചിരുന്നു. സുപ്രീം കോടതിയുടെ ശാസനയില്‍ മാധ്യമങ്ങളോട് നിരാശ പ്രകടിപ്പിച്ച അശോകന്‍, ഇത് ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്തിയതായി പറഞ്ഞു. തുടര്‍ന്നാണ് സുപ്രീംകോടതി ഇടപെട്ടത്.

Related Articles

Back to top button