BREAKINGKERALA

കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക്; ആശങ്ക പരിഹരിച്ച് സുതാര്യമാക്കുമെന്ന് മന്ത്രി

കൊച്ചി: കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക് കൈമാറുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . സര്‍വ്വീസ് സംഘടനകളടക്കം ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിച്ച് സുതാര്യമായ രീതിയിലാകും പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. പത്ത് വര്‍ഷത്തേയ്ക്ക് വിദേശ കമ്പനിക്ക് കുടിവെള്ള വിതരണ ചുമതല കൈമാറുന്ന പദ്ധതിയില്‍ വാട്ടര്‍ അതോറിറ്റിക്ക് തന്നെയാകും മുഖ്യ റോള്‍ എന്നും മന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്ത് ആദ്യമായി കുടിവെള്ള വിതരണ ചുമതല വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിദേശ കമ്പനിക്ക് കൈമാറുന്ന പദ്ധതി.ചര്‍ച്ചകളില്ലാതെയാണ് ഉദ്യോഗസ്ഥ സമിതി തീരുമാനങ്ങളെന്ന് ഇടത് സര്‍വ്വീസ് സംഘടനകളടക്കം കടുത്ത വിമര്‍ശനവും ഉയര്‍ത്തുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയത്. സോയൂസ് എന്ന വിദേശ കമ്പനിക്ക് ടെണ്ടറിനേക്കാള്‍ 21 ശതമാനം അധികം തുക അനുവദിച്ചതിലും പരിശോധനകളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കൊച്ചിയിലും നഗര പരിസരത്തുമായി 750 കിലോമീറ്റര്‍ പൈപ്പ് മാറ്റിയിടുകയാണ് ലക്ഷ്യം. 1.46 ലക്ഷം ഉപഭോക്താക്കള്‍ക്ക് പുതിയ വാട്ടര്‍ മീറ്റര്‍, പമ്പിംഗ് സ്റ്റേഷനുകളുടെ നവീകരണം,190 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതിയ പ്ലാന്റ് എന്നിവയാണ് പദ്ധതിയിലുള്ളത്. പിന്നാലെ തിരുവനന്തപുരത്തും എഡിബി വായ്പയില്‍ തന്നെ ഇത് നടപ്പിലാക്കും. പമ്പിംഗ് മുതല്‍ ബില്ലിംഗ് വരെ സ്വകാര്യ മേഖയ്ക്ക് കൈമാറുന്നത് ജനവിരുദ്ധമെന്ന നിലപാടില്‍ പ്രതിഷേധത്തിലാണ് കൊച്ചി കുടിവെള്ള സംരക്ഷണ സമിതിയും വാട്ടര്‍ അതോറ്റിയിലെ സിഐടിയു, എഐടിയുസി ഉള്‍പ്പെടെയുള്ള സര്‍വ്വീസ് സംഘടനകളും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button