BREAKINGKERALA

പിതാവിനെ പാട്ടുപാടി യാത്രയാക്കി ഗായികയായ മകളുടെ അന്ത്യാഞ്ജലി, കെജെ ബേബിക്ക് മകള്‍ ശാന്തിപ്രിയയുടെ ഗാനാശ്രുപൂജ

കല്‍പ്പറ്റ: കെജെ ബേബിക്ക് മകള്‍ ശാന്തിപ്രിയയുടെ ഗാനാശ്രുപൂജ. കനത്ത ദുഃഖത്തിനിടയിലും പ്രിയപ്പെട്ട പിതാവിനെ പാട്ടുപാടി യാത്രയാക്കി ഗായികയായ മകളുടെ അന്ത്യാഞ്ജലി. നടവയലിലെ പൊതുദര്‍ശനത്തിനു ശേഷം ഒന്നേകാലോടെയാണ് കെജെ ബേബിയുടെ മൃതദേഹം തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിന്റെ തൃശ്ശിലേരിയുള്ള ശാന്തി കവാടത്തിലെത്തിച്ചത്.
ഇവിടെയും ബേബിയെ ഒരുനോക്കു കാണാന്‍ നിരവധി പേരെത്തിയിരുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ എടുക്കുന്നതിനു തൊട്ടുമുമ്പാണ് രമണ മഹര്‍ഷിയുടെ കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പാടി ബേബിയുടെ മൂത്തമകളും ബാവുള്‍ ഗായികയുമായ ശാന്തിപ്രിയ പിതാവിനു യാത്രാമൊഴിയേകിയത്. ചിതാഭസ്മം കബനിയില്‍ ഒഴുക്കണമെന്ന ബേബിയുടെ ആഗ്രഹം കണക്കിലെടുത്ത് കബനിയില്‍ നിമജ്ജനം ചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം.
കനവ് എന്ന പേരില്‍ ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയ വ്യക്തിയാണ് ബേബി. 70 വയസ്സ് ആയിരുന്നു. വയനാട് നടവയല്‍ ചീങ്ങോട്ടെ വീടിനോട് ചേര്‍ന്നുള്ള കളരിയില്‍ ആണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ് . പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടുഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്.
കണ്ണൂരിലെ മാവിലായിയില്‍ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ല്‍ കുടുംബം വയനാട്ടില്‍ കുടിയേറി. 1994 ലാണ് കനവ് എന്ന ബദല്‍ സ്‌കൂള്‍ തുടങ്ങിയത്. മാവേലി മന്റം എന്ന നോവലിന് ആണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ബഹുമുഖ പ്രതിഭയായിരുന്നു കനവ് ബേബി എന്ന കെ ജെ ബേബി.നാടകപ്രവര്‍ത്തകനും നോവലിസ്റ്റും നാടന്‍ പാട്ടുകാരനും നക്‌സലൈറ്റും എന്നിങ്ങനെ ബേബി നിറഞ്ഞ് നില്കാത്ത വേഷങ്ങളില്ല. കനവ് എന്ന സമാന്തരവിദ്യാഭ്യാസ സ്ഥാപനമാണ് ബേബിക്ക് ദേശീയ തലത്തില്‍ ശ്രദ്ധ നേടിക്കൊടുത്തത്.
നാട് എന്‍ വീട് എന്‍ വയനാട് എന്ന ഈ പാട്ട് കേള്‍ക്കാത്തവരുണ്ടാകില്ല. കനവിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്കൊപ്പം ബേബി നാടാകെ പാടിയ പാട്ടാണിത്. കേരളത്തില്‍ ഇത്തരമൊരു സമാന്തര വിദ്യാഭ്യാസ പ്രസ്ഥാനം ആദ്യമായിട്ടായിരുന്നു. കാടിന്റെ മക്കള്‍ക്ക് ക്ലാസുമുറികളിലെ അടിച്ചേല്‍പ്പിച്ച അച്ചടക്കമല്ല വേണ്ടത് എന്ന ബോധ്യമാണ് ബേബിയെയും ഭാര്യയെയും കനവെന്ന ബദല്‍ വിദ്യാഭ്യാസസ്ഥാനത്തിലേക്ക് നയിച്ചത്.
അതിനും മുന്‍പ് 70കളുടെ അവസാനം കേരളം മുഴുന്‍ ചര്‍ച്ചയായ നാടുഗദ്ധികയെന്ന തെരുവ് നാടകവുമായി നാട് ചുറ്റി ശ്രദ്ധ നേടിയ ബേബിയെ ഇടത് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നക്‌സലൈറ്റ് ആഭിമുഖ്യമായിരുന്നു കാരണം. അതിനും മുമ്പ് തിരുവണ്ണാമലയിലെ രമണാശ്രമത്തില്‍ സന്യസിച്ചിരുന്നു ബേബി രണ്ട് വര്‍ഷം. സന്ന്യാസത്തില്‍ നിന്ന് പുറത്ത് കടന്ന ബേബി പിന്നീട് പൊതു പ്രശ്‌നങ്ങളില്‍ പിന്നോക്കക്കാരുടെ നാവായി. മാവേലി മണ്‍റം പോലുള്ള മികച്ച നോവലുകളെഴുതി. സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കമുള്ള എണ്ണം പറഞ്ഞ പുരസ്‌കാരങ്ങള്‍ നേടി. നര്‍മ്മദാ ബചാവോ സമരസമിതിയുടെ കൂടെ മഹാരാഷ്ട്രയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു.
അവസാനകാലത്ത് വിഷാദവും രോഗങ്ങളും ബേബിയെ അലട്ടിയിരുന്നു. കനവ് എന്ന സ്ഥാപനം തന്റെ ശിഷ്യര്‍ക്ക് കൈമാറി നീണ്ട യാത്രകളിലായിരുന്നു ബേബി. കുടിയേറ്റ കര്‍ഷക കുടുംബത്തില്‍ പിന്ന ബേബി മണ്ണിന്റെ മനുഷ്യരുടെ ദൈന്യത കണ്ടു. കേട്ടു. മനസ്സലിവുള്ള മനുഷ്യനായി ജീവിച്ചു. വ്യവസ്ഥയെ ചോദ്യം ചെയ്തും നിരാലംബരായ മനുഷ്യര്‍ക്ക് വേണ്ടി അലിവോടെ നിലകൊണ്ടു ജീവിച്ച മനുഷ്യപ്പറ്റുള്ള ഒരു ദാര്‍ശനികനായിരുന്നു കെജെ ബേബി.

Related Articles

Back to top button