BREAKINGNATIONAL

പ്രതിമാസം 1000 രൂപ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും; വ്യവസ്ഥ ഇങ്ങനെ, പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍

ചെന്നൈ: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന ആണ്‍കുട്ടികള്‍ക്കായി 1000 രൂപ പ്രതിമാസ സഹായം പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ‘പുതുമൈ പെണ്‍’ എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കായി സമാനമായ സാമ്പത്തിക സഹായ പദ്ധതി മുഖ്യമന്ത്രി നേരത്തെ ആരംഭിച്ചിരുന്നു. ഈ പദ്ധതി പ്രകാരം ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം പ്രതിമാസം 1000 രൂപ ലഭിക്കും.
ഈ പദ്ധതിയാണ് ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കും ഉറപ്പാക്കിയത്. ‘തമിഴ് പുദല്‍വന്‍’ എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിട്ടുള്ളത്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉന്നതവിദ്യാഭ്യാസം നേടുന്നതിന് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘തമിഴ് പുദല്‍വന്‍’, ‘പുതുമൈ പെണ്‍’ എന്നീ പദ്ധതികള്‍ ആവിഷ്‌കരിച്ച് ആരംഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2022 സെപ്റ്റംബര്‍ അഞ്ചിന് ‘പുതുമൈ പെണ്‍’ പദ്ധതി ആരംഭിച്ചതുമുതല്‍, 2.09 ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് പ്രയോജനം ലഭിച്ചു. 2024ല്‍ 64,231 പേര്‍ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇതുവരെ ‘പുതുമൈ പെണ്‍ പദ്ധതി’ക്കായി സംസ്ഥാന സര്‍ക്കാര്‍ 371.77 കോടി രൂപ ചെലവഴിച്ചു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ 370 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.
ഈ വര്‍ഷം ആദ്യം തമിഴ് മീഡിയം സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും സഹായം ലഭിക്കുന്ന തരത്തില്‍ പദ്ധതി വിപുലീകരിച്ചിരുന്നു. ‘തമിഴ് പുദല്‍വന്‍’ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആറ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന ആണ്‍കുട്ടികള്‍ക്ക് എല്ലാ മാസവും 1000 രൂപ നല്‍കും. 3.28 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button