BREAKINGBUSINESSHEALTHKERALA

ബംഗ്ലാദേശ് കലാപം; മെഡിക്കല്‍ ടൂറിസം മേഖലയില്‍ ഇന്ത്യക്ക് തിരിച്ചടി, 10-15 ശതമാനം കുറയും

ബംഗ്ലാദേശിലെ ആഭ്യന്തര കലാപവും തുടര്‍ സംഭവങ്ങളും ഇന്ത്യയുടെ മെഡിക്കല്‍ ടൂറിസത്തിന് നല്ല തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മെഡിക്കല്‍ ടൂറിസത്തിന്റെ 50-60 ശതമാനം ബംഗ്ലാദേശിന്റെ സംഭാവനയാണ്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ബംഗ്ലാദേശികള്‍ അവരുടെ ഇന്ത്യന്‍ യാത്രകള്‍ മാറ്റിവെക്കുകയോ ഒഴിവാക്കുകയോ ചെയ്തതായാണ് വിവരം. 2024ല്‍ ഇന്ത്യയുടെ മെഡിക്കല്‍ ടൂറിസം വരുമാനത്തില്‍ 10-15 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്.
ബംഗ്ലാദേശിനേക്കാള്‍ ചെലവ് കുറഞ്ഞതും മെച്ചപ്പെട്ടതുമായ ചികിത്സ ഇന്ത്യയില്‍ ലഭിക്കുന്നതിനാലാണ് എല്ലാ വര്‍ഷവും നിരവധി ബംഗ്ലാദേശികള്‍ ഇന്ത്യയിലെത്തിയിരുന്നത്. ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെങ്കില്‍ ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി എത്തുന്നവരില്‍ വലിയ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ഇത് ഈ മേഖലയെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്.
ട്രാവല്‍ ഏജന്‍സികളില്‍ നിന്നുളള കണക്കുകള്‍ പ്രകാരം ബംഗ്ലാദേശില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള നിരവധി സഞ്ചാരികള്‍ അവരുടെ ഇന്ത്യയിലേക്കുള്ള ബുക്കിങ്ങുള്‍ കാന്‍സല്‍ ചെയ്തിട്ടുണ്ട്. ഇത് യാത്ര, ഹോട്ടല്‍ രംഗത്തുള്ളവരെയും കാര്യമായി ബാധിക്കും. ഈ സാഹചര്യത്തെ അതിജീവക്കാന്‍ ഇതര രാജ്യങ്ങളില്‍ നിന്നുളള സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനാണ് ഇന്ത്യന്‍ ഏജന്‍സികളുടെ നീക്കം.
ആഗോളതലത്തില്‍ മെഡിക്കല്‍ ടൂറിസത്തിനുള്ള ലോകത്തെ മികച്ച പത്ത് ഡെസ്റ്റിനേഷനുകളിലൊന്നായാണ് ഇന്ത്യ കരുതപ്പെടുന്നത്. തെക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലായി നിരവധി സഞ്ചാരികളാമ് എല്ലാ വര്‍ഷവും ഇന്ത്യയിലെത്താറുള്ളത്. വിദഗ്ധ ചികിത്സയ്ക്കായാണ് കൂടുതല്‍ പേരുമെത്തുന്നത്. അലോപ്പതി ചികിത്സയക്കു പുറമെ ആയുര്‍വേദ, ഹോമിയോ, പരമ്പരാഗത ചികിത്സയ്ക്കായും വിദേശികളെത്തുന്നുണ്ട്.
പരമ്പരാഗത ചികിത്സയുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വിസ അവതരിപ്പിച്ചിരുന്നു. വിദേശ പൗരന്‍മാര്‍ക്ക് ആയുഷ് സംബന്ധമായ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ സൗകര്യം നല്‍കുന്ന പ്രത്യേക വിസയാണിത്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്കാണ് ആയുഷ് വിസ ലഭിക്കുക. നിലവിലെ വിസ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയാണ് പ്രത്യേക ആയുഷ് വിസ ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ ടൂറിസം കൂടുതല്‍ ജനകീയമാകുന്ന സമയത്ത് ഇന്ത്യയെ പരമ്പരാഗത ചികിത്സയുടെ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നേരത്തെ ഈ ലക്ഷ്യത്തോടെ ‘ഹീല്‍ ഇന്‍ ഇന്ത്യ’ എന്ന പേരില്‍ ഒരു വെബ്‌സൈറ്റും ആയുഷ് മന്ത്രാലയം ആരംഭിച്ചിരുന്നു.

Related Articles

Back to top button