BREAKINGNATIONAL
Trending

ബി.ജെ.പി ഉള്ള കാലം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ലഭിക്കില്ല, മതസംവരണം ഭരണഘടനാവിരുദ്ധം- അമിത് ഷാ

പലാമു (ജാര്‍ഖണ്ഡ്): ബിജെപി രാജ്യത്തുള്ള കാലത്തോളം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒബിസിക്കാരുടെയും ദളിത് വിഭാഗക്കാരുടെയും ഗോത്രവര്‍ഗക്കാരുടെയും സംവരണ പരിധി കുറച്ച് മുസ്ലിം വിഭാഗക്കാര്‍ക്ക് സംവരണം നല്‍കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ജാര്‍ഖണ്ഡിലെ പലാമുവില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം മുസ്ലിം സംവരണ വിഷയമുയര്‍ത്തി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടുചെയ്തു. കോണ്‍ഗ്രസ് സംവരണത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിനുള്ള വ്യവസ്ഥ ഭരണഘടനയിലില്ല.
മഹാരാഷ്ട്രയിലെ ഏതോ പണ്ഡിത സഘടനകള്‍ മുസ്ലി വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അവരെ സഹായിക്കാമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് വാഗ്ദാനം നല്‍കിയിട്ടുള്ളത്. ഒബിസിക്കാരുടെയും ദളിത് വിഭാഗക്കാരുടെയും ഗോത്രവര്‍ഗക്കാരുടെയും സംവരണ പരിധി താഴ്ത്തി മുസ്ലിം വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.
ബിജെപി രാജ്യത്തുള്ള കാലത്തോളം ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സംവരണം ലഭിക്കില്ലെന്ന് രാഹുല്‍ ഗാന്ധിയെ ഓര്‍മപ്പെടുത്തുകയാണ്. ബാബാ സാഹോബ് അംബേദ്കറാണ് ഒബിസിക്കാര്‍ക്കും ദളിത് വിഭാഗക്കാര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും സംവരണം ഉറപ്പാക്കിയത്. അതിനെ മാനിക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല. ഒബിസി വിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ഒബിസി വിഭാഗക്കാരോട് അനീതികാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയപ്പോഴാണ് ഒബിസി വിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം നല്‍കിയത്. പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിനുവേണ്ടിയുള്ള ദേശീയ കമ്മീഷനും (എന്‍.സി.ബി.സി) അദ്ദേഹം രൂപവത്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിക്കെതിരെയും അമിത് ഷാ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തെ ഏറ്റവും അഴിമതിനിറഞ്ഞ സര്‍ക്കാരാണ് ജാര്‍ഖണ്ഡിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നവംബര്‍ 13-നും, 20-നും നടക്കുന്ന രണ്ട് ഘട്ടങ്ങളായാണ് ജാര്‍ഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പ്. നവംബര്‍ 23-നാണ് വോട്ടെണ്ണല്‍.

Related Articles

Back to top button