NATIONALNEWS

മദ്യനയ കേസ്; ഒന്നര വർഷത്തിന് ശേഷം മനീഷ് സിസോദിയക്ക് ജാമ്യം, 2 ലക്ഷം കെട്ടിവെക്കണം

ദില്ലി: മദ്യനയ കേസിൽ മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഒന്നര വർഷത്തിന് ശേഷമാണ് മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണ തുടങ്ങാത്തത്തിൻ്റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിൻ്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല,സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസിലായിരുന്നു മനീഷ് സിസോദിയയുടെ അറസ്റ്റ്. ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. സിബിഐ കേസിനെ ആധാരമാക്കിയെടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മാർച്ച് 9 നാണ് ഇഡി സിസോദിയയെ അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെയും മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത സിബിഐയും ഇഡിയും സിസോദിയക്കെതിരെ കൃത്യമായ തെളിവുണ്ടെന്ന് കോടതിയിൽ വാദിച്ചിരുന്നു.

Related Articles

Back to top button