BREAKINGKERALA

‘മരംമുറിച്ചുകടത്തിയെന്ന് വിവരം’; മലപ്പുറം എസ്പിയുടെ വസതിയിലെത്തിയ പി.വി അന്‍വറിനെ തടഞ്ഞു

മലപ്പുറം: ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ ഔദ്യോഗികവസതിയിലേക്ക് അനുമതിയില്ലാതെ കടന്നുചെന്ന പി.വി. അന്‍വര്‍ എം.എല്‍.എ.യെ പോലീസ് തടഞ്ഞു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
2021ല്‍ ക്യാമ്പ് ഓഫീസില്‍നിന്ന് തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങള്‍ മുറിച്ചുകടത്തിയെന്ന് കൊല്ലം കടയ്ക്കല്‍ സ്വദേശിയായ എന്‍. ശ്രീജിത്ത് പരാതി നല്‍കിയിരുന്നു. നേരത്തേ ഇവിടെ എസ്‌.െഎ. ആയിരുന്നു ശ്രീജിത്ത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു കേസിനെത്തുടര്‍ന്ന് അന്നത്തെ ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഈ മരംമുറിക്കേസ് വേണ്ട രീതിയില്‍ അന്വേഷിച്ചില്ലെന്നായിരുന്നു എം.എല്‍.എ.യുടെ ആരോപണം. മുറിച്ചമരങ്ങളുടെ അവശിഷ്ടം കാണണമെന്നാവശ്യപ്പെട്ടാണ് എം.എല്‍.എ. ക്യാമ്പ് ഓഫീസിലെത്തിയത്. എന്നാല്‍ പാറാവിലുണ്ടായിരുന്ന പോലീസുകാര്‍ ഇദ്ദേഹത്തെ തടഞ്ഞു. അനുമതിയില്ലാതെ അകത്തേക്ക് പ്രവേശിപ്പിക്കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. പോലീസ് മേധാവി ശശിധരന്‍ ആ സമയം വീട്ടിലുണ്ടായിരുന്നില്ല.
കുറേസമയം പോലീസുമായി തര്‍ക്കിച്ച എം.എല്‍.എ. പോലീസ് മേധാവിയെ വിളിച്ച് അനുമതിചോദിക്കാന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം പോലീസുകാരന്‍ വിളിച്ചെങ്കിലും ഇപ്പോള്‍ അനുമതി നല്‍കേണ്ടെന്നായിരുന്നു മറുപടി. തുടര്‍ന്ന് എം.എല്‍.എ. മടങ്ങിപ്പോയി.
കഴിഞ്ഞയാഴ്ച പോലീസ് അസോസിയേഷന്റെ ജില്ലാസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നതിനിടെ പി.വി. അന്‍വര്‍ പോലീസ് മേധാവിയെ രൂക്ഷമായി വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ആ വിഷയത്തില്‍ എം.എല്‍.എ. മാപ്പുപറയണമെന്ന് ഐ.പി.എസ്. അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. മുന്‍ പോലീസ് മേധാവിയുടെ കാലത്ത് എം.എല്‍.എ.യുടെ വീട്ടില്‍നിന്ന് വിലപിടിപ്പുള്ള കയര്‍ മോഷണംപോയതിന്റെ പേരിലായിരുന്നു അദ്ദേഹം നിലവിലെ പോലീസ് മേധാവിയെ പരിഹസിച്ചത്. മരംമുറിക്കേസും മുന്‍ പോലീസ് മേധാവിയുടെ കാലത്താണ് നടന്നത്.

Related Articles

Back to top button