BREAKINGKERALA
Trending

മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിച്ച സ്ഥലത്തെ നിര്‍മാണം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: മരടില്‍ പൊളിച്ച ഫ്‌ലാറ്റുകള്‍ നിലനിന്ന സ്ഥലത്ത് ഇനി എത്രത്തോളം നിര്‍മ്മാണം അനുവദിക്കാം എന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറാന്‍ സുപ്രീംകോടതി നിര്‍ദേശം. മരട് കേസിലെ അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാളിന് ആണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഇതിനായി ക്രിസ്തുമസ് അവധി കാലത്ത് മരട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഗൗരവ് അഗര്‍വാളിനോട് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
2019-ലെ തീരദേശ പരിപാലന പ്ലാന്‍ പ്രകാരം മരട് മുന്‍സിപ്പാലിറ്റി കാറ്റഗറി രണ്ടില്‍ പെടുന്ന മേഖലയാണെന്ന കത്ത് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിക്ക് കൈമാറി. കാറ്റഗറി രണ്ടില്‍ നിയന്ത്രണങ്ങളോടെ നിര്‍മാണം അനുവദിക്കാം എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കോടതിയെ അറിയിച്ചു. നേരത്തെ പൊളിച്ച ഫ്ളാറ്റുകളുടെ സ്ഥലത്ത് നിയന്ത്രണങ്ങളോടെ നിര്‍മ്മാണമാകാം എന്നും ഇരുവരും കോടതിയില്‍ വ്യക്തമാക്കി.
ഇതേ തുടര്‍ന്നാണ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് കൈമാറാന്‍ അമിക്കസ് ക്യൂറിയോട് സുപ്രീം കോടതി നിര്‍ദേശിച്ചത്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പൊളിച്ച ഫ്‌ലാറ്റുകള്‍ നിലനിന്ന സ്ഥലത്ത് നിര്‍മ്മാണം അനുവദിക്കുന്നതില്‍ സുപ്രീംകോടതി തീരുമാനം എടുക്കും. തീരദേശപരിപാലന നിയമം ലംഘിച്ചതിന് നാല് വന്‍കിട ഫ്‌ലാറ്റ് സമുച്ചയങ്ങളാണ് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് 2020 ജനുവരി 11, 12 തീയതികളില്‍ പൊളിച്ചടുക്കിയത്. ഹോളി ഫെയ്ത് എച്ച്ടുഒ, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ്, ആല്‍ഫ സെറിന്‍ എന്നീ ഫ്‌ലാറ്റുകള്‍ ആണ് പൊളിച്ചത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്. കേസിലെ വിവിധ കക്ഷികള്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകരായ വി ഗിരി, കെ. പരമേശ്വര്‍, പി. ബി കൃഷ്ണന്‍, അഭിഭാഷകരായ ഹാരിസ് ബീരാന്‍, കെ. രാജീവ്, എ. കാര്‍ത്തിക്, ലക്ഷ്മീഷ് കാമത്ത്, വെങ്കിട്ട സുബ്രഹ്‌മണി എന്നിവരും ഹാജരായി.

Related Articles

Back to top button