BREAKINGNATIONAL

മഹാരാഷ്ട്രയില്‍ സിക്ക വൈറസ്: രോഗബാധിതരില്‍ 26 പേര്‍ ഗര്‍ഭിണികള്‍, ആകെ 68 പേര്‍ക്ക് രോഗം

ദില്ലി: മഹാരാഷ്ട്രയിലെ പൂനയില്‍ 68 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ച രോഗികളില്‍ നാല് പേര്‍ മരിച്ചു. അറുപത്തെട്ടിനും എണ്‍പതിനും ഇടയിലുള്ള ആളുകളാണ് മരിച്ചത്. മരണം വൈറസ് ബാധമൂലമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രായാധിക്യവും മറ്റുരോഗങ്ങളും കാരണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ സ്ഥരീകരണം. വൈറസ് സ്ഥിരീകരിച്ച 68 പേരില്‍ 26 പേര്‍ ഗര്‍ഭിണികളാണ്. എല്ലാവരും ആരോഗ്യനില വീണ്ടെടുത്തുവെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. രോഗം പടരുന്ന പശ്ചാത്തലത്തില്‍ പൂനെയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ജൂണ്‍ ആവസാനം മുതലാണ് മഹാരാഷ്ട്രയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ച് തുടങ്ങുന്നത്.

എന്താണ് സിക്ക വൈറസ്?

ഡെങ്കി, ചിക്കുന്‍ ഗുനിയ തുടങ്ങിയവ പരത്തുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്. സിക വൈറസ് ആദ്യം തിരിച്ചറിഞ്ഞത് 1947 ല്‍ ഉഗാണ്ടയിലെ കുരങ്ങുകളിലാണ്. പക്ഷേ ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകള്‍, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിക്കുകയായിരുന്നു.

പ്രധാന ലക്ഷണങ്ങള്‍

പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, തലവേദന, ഛര്‍ദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലും സിക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശ്ങ്ങളിലേക്ക് വരെ എത്താം. ആദ്യം തന്നെ ചികിത്സ തേടിയില്ലെങ്കില്‍ ഡെങ്കിപ്പനി ഗുരുതരമാകുകയും ജീവന്‍വരെ നഷ്ടമാകുകയും ചെയ്യാം.

Related Articles

Back to top button