കൊച്ചി: മാസപ്പടി ഇടപാടിനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താന്‍ ആസൂത്രിത നീക്കമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കില്ലെന്നും സിഎംആര്‍എല്ലിന് അനുകൂലമായ ഒരു സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് പലതുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ ഡിജിപി മറുപടി നല്‍കി.
മുഖ്യമന്ത്രിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നതല്ല. രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള കരാര്‍ ഇടപാടാണ് സിഎംആര്‍ല്ലും എക്‌സാലോജിക്കും തമ്മിലുള്ളത്. ഇല്ലാത്ത സേവനത്തിന് പണം നല്‍കി എന്ന ആരോപണം കെട്ടിച്ചമച്ചതാണ്. ഇത്തരമൊരു പരാതി സി എം ആര്‍ എല്ലിന് ഇല്ല. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ പിഴവുണ്ടോയെന്ന് മറ്റൊരു അപ്പലെറ്റ് അതോറിറ്റി ഇതേവരെ പരിശോധിച്ചിട്ടില്ല. മാസപ്പടി ഇടപാടില്‍ സര്‍ക്കാരിനെ ബന്ധപ്പെടുത്താനുളള യാതൊന്നുമില്ലെന്നും വിജിലന്‍സ് അന്വേഷണത്തിന്റേ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മാസപ്പടിക്കേസില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരായ റിവിഷന്‍ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. എക്‌സാലോജിക്ക് കമ്പനിക്ക് സിഎംആര്‍എല്‍ പ്രതിഫലം നല്‍കിയത് അഴിമതി വിരുദ്ധനിയമത്തിന്റെ വരുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
61 1 minute read