ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന് രണ്ട് കിലോഗ്രാം ഭാരമുള്ള മുടിക്കെട്ട് നീക്കംചെയ്തു. കര്‍ഗെയ്ന സ്വദേശിയായ 21-കാരിയുടെ വയറ്റില്‍നിന്നാണ് ഇത്രയും ഭാരമുള്ള മുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. റാപുന്‍സല്‍ സിന്‍ഡ്രോം എന്ന മാനസികപ്രശ്നം കാരണമാണ് പെണ്‍കുട്ടി സ്വന്തം തലമുടി പലപ്പോഴായി കഴിച്ചിരുന്നത്. ‘ട്രിക്കോഫേജിയ’ എന്നാണ് സ്വന്തം തലമുടി കഴിക്കുന്ന ഈ രോഗാവസ്ഥയ്ക്ക് പറയുന്നത്.
കഴിഞ്ഞ 16 വര്‍ഷമായി പെണ്‍കുട്ടി സ്വന്തം തലമുടി ഭക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അഞ്ചുവയസ്സ് മുതല്‍ മുടി കഴിച്ചിരുന്ന പെണ്‍കുട്ടിക്ക് വയറുവേദന കാരണം ഘര ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഛര്‍ദ്ദി പതിവാകുകയും ചെയ്തതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബറേലി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയെ സി.ടി. സ്‌കാനിങ്ങിന് വിധേയയാക്കി. ഇതിലൂടെയാണ് വയറ്റിനുള്ളിലെ മുടിക്കെട്ട് കണ്ടെത്തിയത്. ഉടന്‍തന്നെ പെണ്‍കുട്ടിക്ക് ശസ്ത്രക്രിയ നടത്തി രണ്ട് കിലോയോളം തൂക്കമുള്ള മുടിക്കെട്ട് പുറത്തെടുക്കുകയായിരുന്നു.
മുടിയില്‍ പിടിച്ച് വലിക്കുന്ന സ്വഭാവം പെണ്‍കുട്ടി ഏറെക്കാലമായി കാണിച്ചിരുന്നതായാണ് 21-കാരിയുടെ കുടുംബം ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍, കടുത്ത വയറുവേദന കാരണം ചികിത്സ തേടിയതോടെയാണ് രോഗാവസ്ഥ വ്യക്തമായത്. മാനസികപ്രശ്നങ്ങള്‍ പരിഹരിക്കാനായി പെണ്‍കുട്ടിക്ക് ഇപ്പോള്‍ കൗണ്‍സിലിങ് നല്‍കിവരികയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
54 Less than a minute