BREAKINGKERALA
Trending

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയില്‍ സുരക്ഷിത പ്രദേശം അടയാളപ്പെടുത്താന്‍ നീക്കം; നാട്ടുകാര്‍ തടഞ്ഞു

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയില്‍ സുരക്ഷിത പ്രദേശങ്ങള്‍ അടയാളപ്പെടുത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയില്‍നിന്ന് 30 മുതല്‍ 50 മീറ്റര്‍ വരെ ദൂരെയാണ് സുരക്ഷിത മേഖലയെന്ന് അടയാളപ്പെടുത്തേണ്ടിയിരുന്നത്. ആശങ്ക പരിഹരിക്കാതെ ചൂരല്‍ മലയില്‍ സുരക്ഷിത മേഖലകള്‍ അടയാളപ്പെടുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങി.
ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം പ്രകാരം സങ്കീര്‍ണ്ണ മേഖലയിലുള്ള നിരവധി വീടുകള്‍ സുരക്ഷിതമെന്ന് വിലയിരുത്തപ്പെടുമെന്ന് പ്രദേശവാസികള്‍ വിമര്‍ശിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചു. മുണ്ടക്കെ ചൂരല്‍മല ജനകീയ സമിതിയുടെയും ജനപ്രതിനിധികളുടെയും യോഗമാണ് വിളിച്ചത്. തീരുമാനമെടുക്കുന്നത് വരെ സര്‍വ്വേ നടത്തുന്നത് നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വൈത്തിരി തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ചൂരല്‍ മലയില്‍ എത്തിയിരുന്നത്. സുരക്ഷിത മേഖലകള്‍ തിരിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് മേപ്പാടി പഞ്ചായത്തും രംഗത്തെത്തി. നിലവിലെ മാനദണ്ഡ പ്രകാരം സുരക്ഷിത മേഖല തിരിക്കാന്‍ അനുവദിക്കില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കി. ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ പ്രതിഷേധം അറിയിക്കുമെന്നും മെമ്പര്‍മാര്‍ പറഞ്ഞു.

Related Articles

Back to top button