സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്ന് സിപിഐഎം പി ബി യോഗത്തിൽ ധാരണ.പാർട്ടി സെന്ററിലെ പി ബി അംഗങ്ങൾ കൂട്ടായി ചുമതല നിർവഹിക്കാനും, ഏകോപനത്തിനായി കോർഡിനേറ്ററെ ചുമതലപെടുത്താനുമാണ് ധാരണ. നാളെ ആരംഭിക്കുന്ന കേന്ദ്ര കമ്മറ്റിയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.
അന്തരിച്ച ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ചർച്ചകളിൽ പൊളിറ്റ് ബ്യുറോ യോഗത്തിന് മുന്നിൽ രണ്ടു നിർദ്ദേശങ്ങൾ ആണ് ഉയർന്നു വന്നത്. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചു കഴിഞ്ഞതിനാൽ താൽക്കാലിക സംവിധാനം മതിയെന്നും,ജനറൽ സെക്രട്ടറി പദവിയിൽ പുതിയൊരാൾ ഉടൻ വേണ്ടെന്നുമുള്ള നിർദേശമാണ് കേരള നേതാക്കൾ അടക്കമുള്ള വർ മുന്നോട്ട് വച്ചത്.
എന്നാൽ താൽക്കാലിക സംവിധാനം എന്നത് ഭരണ ഘടനയിൽ ഇല്ലെന്നു അഭിപ്രായം ഉയർന്നെങ്കിലും ,ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്നും, പാർട്ടി സെന്ററിലെ പി ബി അംഗങ്ങൾ കൂട്ടായി ചുമതല നിർവഹിക്കാമെന്നും ധാരണയിലെത്തി.ഏകോപനത്തിനായി മുതിർന്ന പിബി അംഗങ്ങളിൽ ഒരാളെ കോർഡിനേറ്ററായി ചുമതല നൽകും.
മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പേര് കോർഡിനേറ്റർ സ്ഥാനത്തേക്ക് ഉയർന്നു വന്നതായാണ് സൂചന. പോളിറ്റ് ബ്യുറോ യുടെ നിർദേശം നാളെ ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ വക്കും.
കേന്ദ്ര കമ്മറ്റിയിൽ നടക്കുന്ന ചർച്ചകളിൽ ആകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.