BREAKINGKERALA

ലഹരി ഉപയോഗിക്കുന്നതിനിടെ ഫ്ളാറ്റില്‍ പോലീസ് സംഘം; കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായത് 10 പേര്‍

കൊച്ചി: കാക്കനാട്, കളമശ്ശേരി എന്നിവിടങ്ങളില്‍ നടത്തിയ പോലീസ് പരിശോധനയില്‍ വില്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ച 22.76 ഗ്രാം എം.ഡി.എം.എ.യുമായി 10 പേരെ പോലീസ് പിടികൂടി.
കാക്കനാട് ഈച്ചമുക്കിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന പാലക്കാട് സ്വദേശികളായ സാദിക്ക് ഷാ (22), സുഹൈല്‍, രാഹുല്‍ (22), ആകാശ് (22), തൃശ്ശൂര്‍ സ്വദേശികളായ അതുല്‍ കൃഷ്ണ (23), മുഹമ്മദ് റാം ഷേക്ക് (23), നിഖില്‍ (24), നിധിന്‍ (24), റൈഗല്‍ (18) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ കൈയില്‍നിന്ന് വില്പനയ്ക്കായി കവറുകളില്‍ സൂക്ഷിച്ച 13.52 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. കാക്കനാടും പരിസരത്തും മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. സുഹൈല്‍, നിധിന്‍ എന്നിവര്‍ മുന്‍പും കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്‍ഫോപാര്‍ക്ക് പോലീസ് എസ്.ഐ. മാരായ സജീവ്, ബദര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
കളമശ്ശേരി പൊട്ടച്ചാല്‍ റോഡില്‍ എറണാകുളം നര്‍ക്കോട്ടിക് സെല്‍ എ.സി.പി. അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുള്ള ടീം നടത്തിയ പരിശോധനയിലാണ് 9.23 ഗ്രാം എം.ഡി.എം.എ.യുമായി ആലപ്പുഴ പുന്നപ്ര സ്വദേശി സുഹൈര്‍ (24) പിടിയിലായത്.

രാത്രിക്കടകള്‍ കേന്ദ്രീകരിച്ച് ലഹരിക്കൂട്ടം

കൊച്ചി : പുകവലിക്കാന്‍ ‘പുകമുറികള്‍’ സജ്ജീകരിച്ച് 24 മണിക്കൂര്‍ ചായപ്പീടികകള്‍ നഗരങ്ങളില്‍ സജീവമാകുന്നു. യുവതീ-യുവാക്കളെ ലക്ഷ്യംവെച്ചാണ് ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നത്. രാത്രിയാണ് ഇവര്‍ക്ക് കച്ചവടം കൂടുതല്‍. കൊച്ചി നഗരത്തില്‍ ഇത്തരം കടകള്‍ നേരത്തേ ഉണ്ടെങ്കിലും ഇപ്പോള്‍ സമീപപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. മദ്യലഹരിയിലും മറ്റ് ലഹരികളിലും എത്തുന്ന സംഘങ്ങള്‍ ഇത്തരം കടകള്‍ക്കു സമീപം തമ്പടിക്കുന്നുണ്ട്. ലഹരി കൈമാറ്റത്തിനും ഇത്തരം കടകളെ മറയാക്കാറുണ്ട്.
എം.ജി. റോഡില്‍ അടുത്തിടെ തുടങ്ങിയ കടയുടെ പരിസരത്ത് അര്‍ധരാത്രിയോട നൂറുകണക്കിന് യുവാക്കളാണ് വന്നുകൂടുന്നത്. പേട്ടയിലും പുകയ്ക്കാനുള്ള സൗകര്യം ഒരുക്കിത്തുടങ്ങിയിട്ടുള്ള ചായക്കടയില്‍, രാത്രി വന്‍തിരക്കാണ്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ, തിരുവാങ്കുളം, ചിത്രപ്പുഴ ഭാഗങ്ങളിലെ ചില കടകളിലും ‘പുകമുറികള്‍’ ഉണ്ട്. കടയ്ക്ക് മുന്നില്‍ പരസ്യമായി പുകവലിക്കുന്നവരും ഏറെയാണ്. ഇത്തരം കടകളുടെ പിന്നിലും മറ്റും ക്രമീകരിച്ചിട്ടുള്ള മുറിയിലേക്കും തുറസ്സായ സ്ഥലങ്ങളിലേക്കുമാണ് യുവതീ-യുവാക്കള്‍ എത്തുന്നത്. ഇരുമ്പനത്തെയും കേശവന്‍പടിയിലെയും ബെവ്കോ ഔട്ട്‌ലെറ്റുകളോടു ചേര്‍ന്നും കരിങ്ങാച്ചിറയിലും ഇത്തരം പുകയ്ക്കല്‍ സൗകര്യങ്ങള്‍ ഒരുക്കിയുള്ള കച്ചവടകേന്ദ്രങ്ങളുണ്ട്.
പലപ്പോഴും വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇവിടം വേദിയാകാറുണ്ട്. ചിത്രപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ കടയിലെത്തിയവര്‍ തമ്മില്‍ കത്തിക്കുത്തുവരെ നടന്നിട്ടുണ്ട്. ഈ കടയില്‍ പുകമുറിയില്‍ ‘പുകവലിക്കരുത്’ എന്ന ബോര്‍ഡും െവച്ചിട്ടുണ്ട് എന്നതാണ് രസകരം. പ്രദേശത്തെ െറസിഡെന്‍സ് അസോസിയേഷനുകള്‍ ഇതു സംബന്ധിച്ച് നിരവധി തവണ പരാതി ഉന്നയിച്ചിട്ടുണ്ട്. പോലീസ് ഈ വിഷയത്തില്‍ കര്‍ശന ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related Articles

Back to top button