BREAKINGKERALA

വയനാട് ഇന്ന് സുപ്രധാന ആക്ഷന്‍ പ്ലാന്‍; എയര്‍ ലിഫ്റ്റിങ്ങിലൂടെ സ്‌പോട്ടിലെത്തും, സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് തെരച്ചില്‍

കല്‍പ്പറ്റ: വയനാട് ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍. സൂചിപാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചാലിയാറിന്റെ ഇരു കരകളിലും സമഗ്രമായി തെരച്ചില്‍ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആര്‍മി സൈനികരും അടങ്ങുന്ന 12 പേര്‍ ഇന്ന് രാവിലെ എട്ട് മണിക്ക് എസ്‌കെഎംജെ ഗ്രൗണ്ടില്‍ നിന്ന് എയര്‍ ലിഫ്റ്റിങ്ങിലൂടെ സ്‌പോട്ടില്‍ എത്തിച്ചേരും. സണ്‍റൈസ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചില്‍ നടത്തും. അവിടെ നിന്നും മൃതശരീരങ്ങള്‍ കൊണ്ടുവരേണ്ടത് ഉണ്ടെങ്കില്‍ പ്രത്യേക ഹെലികോപ്റ്റര്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സൈന്യം തീരുമാനിക്കും വരെ തെരച്ചില്‍ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നു. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ തുക പുനരധിവാസത്തിന് ഉറപ്പാക്കാന്‍ എല്‍ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കം.

Related Articles

Back to top button