KERALANATIONAL

വയനാട് ഉരുള്‍പൊട്ടല്‍: കൂടുതല്‍ സംഘത്തെ എത്തിക്കും, തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്, യാത്ര ഒഴിവാക്കണം- മന്ത്രി

മേപ്പാടി: വയനാട് ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്തേത്ത് കൂടുതല്‍ ദുരന്തനിവാരണ സംഘത്തെ എത്തിക്കുമെന്ന് റവന്യൂമന്ത്രി മന്ത്രി കെ. രാജന്‍. സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്നും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനം ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം. എത്ര പേര്‍ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല. മലയോര മേഖലകളില്‍ യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാലാവസ്ഥ പ്രശ്‌നം കാരണം വയനാട്ടിലേക്കുള്ള മന്ത്രിമാരുടെ ഹെലികോപ്റ്റര്‍ യാത്ര ഒഴിവാക്കി. മന്ത്രിമാരായ കെ. രാജന്‍ മുഹമ്മദ് റിയാസ്, ഒ ആര്‍ കേളു എന്നിവരാണ് വയനാട്ടിലേക്ക് പോകുന്നത്. റവന്യൂ മന്ത്രി ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി.
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വന്‍ ദുരന്തമാണുണ്ടായത്. മുണ്ടക്കൈയില്‍ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 7 പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്.
വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. മുണ്ടക്കൈയില്‍ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Related Articles

Back to top button