ദില്ലി: വയനാട് ദുരന്തത്തില്‍ ഇരയായവരെ കണ്ടെത്താന്‍ നാളെയും ജനകീയ തെരച്ചില്‍ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ ഇവ മുതല്‍ പരസ്യപ്പെടുത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നത്തെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാവുക എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരാണ് ജനകീയ തെരച്ചിലിനായി ദുരന്തഭൂമിയിലെത്തിയത്. രണ്ടായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് തെരച്ചിലിനെത്തിയത്. മഴയെ തുടര്‍ന്നാണ് ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിയത്. ഇതിനിടെ കാന്തന്‍പാറയില്‍ നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തി. എയര്‍ ലിഫ്റ്റ് ചെയ്യാനാവാത്തതിനാല്‍ ശരീരഭാഗങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ചുമന്നാണ് പുറത്തെത്തിച്ചത്. നാളെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മൃതദേഹം മനുഷ്യന്റെയാണോ മൃഗത്തിന്റെതാണോ എന്ന് വ്യക്തമാകൂ. അട്ടമലയില്‍ നിന്ന് ഇന്ന് ഒരു എല്ലിന്‍ കഷ്ണവും കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ മൃഗത്തിന്റേതോ എന്നും തിരിച്ചറിയണം. ഉരുള്‍പൊട്ടലിന് മുമ്പുള്ളതോ എന്നും വ്യക്തമാകണം. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് മന്ത്രി അറിയിച്ചു.
നാളെയും മറ്റന്നാളും ചാലിയാറില്‍ വിശദമായ തെരച്ചില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുണ്ടേരി ഫാം-പരപ്പന്‍ പാറയില്‍ 60 അംഗ സംഘവും പാണംകായം വനമേഖലയിലെ തെരച്ചില്‍ 50 അംഗ സംഘവും പരിശോധന നടത്തും. പൂക്കോട്ട്മല മേഖലയിലും തെരച്ചില്‍ തുടരുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 229 പേരുടെ മരണമാണ് ഔദ്യോഗിക കണക്കില്‍ സ്ഥിരീകരിച്ചത്. 178 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 51 മൃതദേഹവും 200 ഓളം ശരീര ഭാഗങ്ങളും തിരിച്ചറിഞ്ഞില്ല. കാണാതെ ആയവരുടെ കരട് പട്ടികയില്‍ ഇപ്പോള്‍ 130 പേരാണ് ഉള്ളത്. 90 പേരുടെ ഡിഎന്‍എ ക്യാമ്പില്‍ നിന്ന് എടുത്തിട്ടുണ്ട്. ലഭിച്ച ഡിഎന്‍എ ഫലങ്ങള്‍ നാളെ മുതല്‍ പരസ്യപ്പെടുത്താമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. താത്കാലിക പുനരധിവാസത്തിനായി 253 വാടക വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 14 ക്യാമ്പുകളാണ് ഉള്ളത്. സ്വന്തം നിലക്ക് പോകുന്നവര്‍, ബന്ധു വീട്ടില്‍ പോകുന്നവര്‍, സ്‌പോണ്‍സര്‍ ചെയ്ത സ്ഥലത്ത് പോകുന്നവര്‍, സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലത്ത് എന്നിങ്ങനെ 4 രീതിയില്‍ താത്കാലിക പുനരധിവാസം നടത്താനാണ് തീരുമാനം. ക്യാമ്പില്‍ ഉള്ളവരുടെ അഭിപ്രായം പരിഗണിച്ച ശേഷമേ ദുരിത ബാധിതരേ മാറ്റൂവെന്നും മന്ത്രി വ്യക്തമാക്കി.
70 1 minute read