BREAKINGKERALA

വിജയം കുറവ്; ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ നിര്‍ദ്ദേശവുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: പരിഷ്‌കാരം കര്‍ശനമായി നടപ്പാക്കിയതോടെ ഡ്രൈവിംഗ് ടെസ്റ്റില്‍ വിജയം 40 – 45% മായി കുറഞ്ഞു. നേരത്തെ 100% വിജയം ഉണ്ടായിരുന്നിടത്തും കൂട്ട തോല്‍വി. പുതിയതായി ലൈസന്‍സ് എടുക്കുന്നവരുടെയും രണ്ടാമത് ടെസ്റ്റിനായി അപേക്ഷ നല്‍കുന്നവരുടെയും എണ്ണം കൂടിയ പശ്ചാത്തലത്തില്‍ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കൂട്ടാനാണ് ഗതാഗത വകുപ്പിന്റെ നിര്‍ദ്ദേശം.ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പുതുക്കിയ വ്യവസ്ഥ പ്രകാരം ഒരു ആര്‍ടി ഓഫിസില്‍ രണ്ട് ഓഫീസര്‍മാരുടെ കീഴില്‍ 80 ടെസ്റ്റ് എന്നത് 100 ആയി ഉയര്‍ത്തും. പരിഷ്‌കാരം കൊണ്ടുവരുന്നതിന് മുമ്പ് കേരളത്തിലെ 17 ആര്‍ടി ഓഫീസുകളിലും 69 ജോയിന്റ് ആര്‍ടി ഓഫീസുകളിലും 8000 പേര്‍ പങ്കെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 6000 പേരാണ് എത്തുന്നത്.
ജോയിന്റ് ആര്‍ടി ഓഫീസുകളില്‍ മുന്‍കാല അപേക്ഷകള്‍ ഉള്‍പ്പെടെ 40 ടെസ്റ്റുകളാണ് നടത്തുന്നത്. ഇതു ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. പരിഷ്‌ക്കാരം വന്നതോടെ ലേണേഴ്‌സിന്റെ എണ്ണവും കുറഞ്ഞിരുന്നു. ലേണേഴ്‌സ് ടെസ്റ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂളുകളില്‍ കൂടുതല്‍ അനുഭവസമ്പത്തുള്ള ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കാനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായി കൂട്ട നിയമനം നടത്താനും തീരുമാനമായിട്ടുണ്ട്.

Related Articles

Back to top button