BREAKINGNATIONAL

വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ: രാജസ്ഥാനില്‍ 20 മരണം; നഗരങ്ങളില്‍ വെള്ളക്കെട്ട്, ജാഗ്രതാനിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതി രൂക്ഷം. പഞ്ചാബ്, ബെംഗളൂരു, ഡല്‍ഹി, ഹരിയാണ, രാജസ്ഥാന്‍, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, അരുണാചല്‍പ്രദേശ്, അസം, മേഘാലയ, മണിപ്പുര്‍, നാഗാലാന്‍ഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജസ്ഥാനില്‍ 20 പേര്‍ മഴക്കെടുതി മൂലം മരണപ്പെട്ടതായാണ് വിവരം. ഡല്‍ഹിയില്‍ ഇടിമിന്നലോടു കൂടിയുള്ള മഴമുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. തമിഴ്‌നാട്, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജസ്ഥാനിലെ കനോത അണക്കെട്ട് നിറഞ്ഞൊഴുകുകയാണ്. ഇതില്‍പെട്ട് അഞ്ച് യുവാക്കളെ കാണാതായതായാണ് വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഭരത്പുര്‍ ജില്ലയിലെ ബംഗംഗ പുഴയില്‍ ഏഴുപേര്‍ മുങ്ങിമരിച്ചു. സ്‌കൂട്ടര്‍ പുഴയില്‍ ഒലിച്ചുപോയി രണ്ടുപേര്‍ മരിച്ചു. ജയ്പുര്‍, കരൗളി, സവായി മധോപുര്‍, ദൗസ തുടങ്ങിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകില്‍ ശക്തമായ മഴയാണ് രാജസ്ഥാനില്‍ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. മുഖ്യമന്ത്രി ഭജന്‍ലാലല്‍ ശര്‍മ്മ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ശക്തമായ മഴയ്ക്ക് പിന്നാലെ പഞ്ചാബിലും ഹരിയാണയിലും ഓഗസ്റ്റ് 15 വരെ മഴതുടരുമെന്നാണ് പ്രവചനം. ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. ഗുരുഗ്രാമില്‍ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍ ഗതാഗത തടസവും നേരിടുന്നുണ്ട്. ഗുരുഗ്രാമിലെ വെള്ളക്കെട്ടിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടി നിരവധി കോണില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
കര്‍ണാടകയില്‍ കേന്ദ്രം പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണസേന സൂക്ഷ്മതയോടെ നിരീക്ഷിച്ചു വരികയാണ്. തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റിന് കഴിഞ്ഞ ദിവസം കേടുപാട് സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ അണക്കെട്ടില്‍നിന്ന് വന്‍തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നു.

Related Articles

Back to top button