ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നതില്‍ പ്രധാനമന്ത്രി മാപ്പുപറഞ്ഞതിന് പിന്നാലെ മോദിക്കും ബിജെപിയ്ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിമ നിര്‍മിച്ചതില്‍ നടന്ന അഴിമതി മൂലമാണ് അത് തകര്‍ന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ അഴിമതിക്ക് മാത്രമല്ല നോട്ട് നിരോധനത്തിലും തെറ്റായ ജിഎസ്ടി നടപ്പാക്കിയതിനുമെല്ലാം മോദി രാജ്യത്തോട് മാപ്പ് പറയേണ്ടതാണെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.
തെറ്റ് ചെയ്തവര്‍ മാത്രമേ മാപ്പ് പറയേണ്ടതുള്ളല്ലോ. അല്ലാത്തവര്‍ മാപ്പ് പറയേണ്ട കാര്യമില്ല. ശിവജി പ്രതിമ തകര്‍ന്നതില്‍ മോദി മാപ്പുപറയുന്നുണ്ടെങ്കില്‍ അതിന് നിരവധി കാരണങ്ങളുണ്ടാകും. ആര്‍എസ്എസ് ബന്ധമുള്ളയാളെ കോണ്‍ട്രാക്ട് ഏല്‍പ്പിച്ചതിലും അതില്‍ അഴിമതി നടന്നതിലുമെല്ലാം വന്ന പിഴവുകള്‍ അദ്ദേഹം തിരിച്ചറിഞ്ഞുകാണും. രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയില്‍ വച്ചാണ് രാജ്കോട് കോട്ടയിലെ ശിവജി പ്രതിമ തകര്‍ന്നുവീണതിന് മോദി മാപ്പുപറഞ്ഞത്. കഴിഞ്ഞ ഡിസംബര്‍ നാലിന് മോദി ഉദ്ഘാടനം ചെയ്ത പ്രതിമ ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് തകര്‍ന്നുവീഴുകയായിരുന്നു.
ശിവജി പ്രതിമ തകര്‍ന്നുവീണതില്‍ മാത്രമല്ല വലിയ കോണ്‍ട്രാക്ടുകളെല്ലാം ഇഷ്ടക്കാരായ കുറച്ചുപേര്‍ക്ക് മാത്രം നല്‍കുന്നതിനും തെറ്റായ ജിഎസ്ടി കൊണ്ടുവന്നതിനും നോട്ടുനിരോധനത്തിനും ചെറുകിട വ്യവസായങ്ങളെ തകര്‍ത്തതിനും മോദി മാപ്പുപറയേണ്ടതാണെന്ന് രാഹുല്‍ പറഞ്ഞു. വലിയ 20,25 ഇന്‍ടഡസ്ട്രികള്‍ക്ക് മാത്രം 16 ലക്ഷം കോടി വായ്പ കൊടുക്കുന്നവര്‍ കര്‍ഷകര്‍ക്ക് മാത്രം വായ്പ നല്‍കുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് എല്ലാവരുടേയും ഉന്നമനത്തില്‍ വിശ്വസിക്കുമ്പോള്‍ ബിജെപി ദരിദ്രര്‍ എന്നും ദരിദ്രരായി തന്നെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.
64 1 minute read