മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന സമൂഹവിവാഹത്തില്‍ ഒരു വരനും വധുവും എത്തിച്ചേര്‍ന്നു. മുഖ്യമന്ത്രിയുടെ ‘കന്യാദാന്‍ യോജന പദ്ധതി’ പ്രകാരമുള്ള സമൂഹ വിവാഹമായിരുന്നു ഇവിടെ നടന്നത്. എന്നാല്‍, ഈ യുവാവും യുവതിയും വിവാഹത്തിന്റെ ചടങ്ങുകളില്‍ പങ്കെടുക്കാനോ ഒന്നും തന്നെ തയ്യാറായില്ല. വരന്‍ വധുവിന് സിന്ദൂരം ചാര്‍ത്തിയില്ല, അതുപോലെ വിവാഹം കഴിഞ്ഞ് കരങ്ങള്‍ ചേര്‍ത്തുപിടിച്ച് വലം വയ്ക്കാനും ഇരുവരും ഒരുക്കമായിരുന്നില്ല.
ഇത് വിവാഹം സംഘടിപ്പിച്ചവരിലും അവിടെ എത്തിച്ചേര്‍ന്നവരിലും സംശങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. മധ്യപ്രദേശിലെ നഗ്ദ ജില്ലയില്‍ ചൊവ്വാഴ്ചയാണ് ചടങ്ങ് നടന്നതെന്നാണ് വിവരം. നരേന്ദ്ര മോദി സ്പോര്‍ട്സ് കോംപ്ലക്സില്‍ വച്ചുനടന്ന ചടങ്ങില്‍ 81 ദമ്പതികളാണ് വിവാഹിതരാവാനെത്തിയത്. ഹിന്ദു വിവാഹ ചടങ്ങുകളും മുസ്ലീം നിക്കാഹ് ചടങ്ങുകളുമാണ് ഇവിടെ നടന്നത്. എന്നാല്‍, ഈ ദമ്പതികള്‍ ചടങ്ങുകളൊന്നും ചെയ്യാന്‍ തയ്യാറാവാതെ വന്നതോടെയാണ് ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചത്.
അതോടെ ദമ്പതികളോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തങ്ങളുടെ വിവാഹം നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചതാണ്, 2025 ഫെബ്രുവരിയിലാണ് വിവാഹം എന്നായിരുന്നു മറുപടി. എന്നിരുന്നാലും, ഈ സമൂഹവിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഖച്‌റോഡ് പഞ്ചായത്താണ് തങ്ങളോട് ആവശ്യപ്പെട്ടതെന്നും അതിലൂടെ മറ്റ് സമ്മാനങ്ങള്‍ക്കൊപ്പം ?49,000 -ത്തിന്റെ ചെക്കും കിട്ടുമെന്നതിനാലാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത് എന്നുമായിരുന്നു ഇരുവരുടേയും മറുപടി.
പഞ്ചായത്തില്‍ നിന്നും ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിരുന്നു എന്നും യുവതിയും യുവാവും പറഞ്ഞു. പരസ്പരം മാലയിടാന്‍ തയ്യാറാണ്. എന്നാല്‍, സിന്ദൂരം ചാര്‍ത്തുന്നതും വലം വയ്ക്കുന്നതും നിശ്ചയിച്ചുറപ്പിച്ച വിവാഹദിനത്തിലേ ചെയ്യൂ എന്നതായിരുന്നു അത്.
അതുപോലെ തന്നെയാണ് ഇരുവരും ചെയ്തതും. എന്നാല്‍, ഇത് അവിടെ എത്തിയിരുന്നവരില്‍ ചിലരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ചോദ്യം ചെയ്യപ്പെട്ടത്. എന്തായാലും, സമൂഹവിവാഹത്തെ കുറിച്ച് വലിയ ചോദ്യങ്ങളുയരാന്‍ ഈ സംഭവം കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
92 1 minute read