കണക്കിന്റെ ഹോം വര്‍ക്ക് പൂര്‍ത്തിയാക്കാത്തതിന് ടീച്ചര്‍ അടിച്ചതിനെ തുടര്‍ന്ന് 11 വയസ്സുള്ള മകന് വിറ്റിലിഗോ (Vitiligo) ബാധിച്ചന്ന പരാതിയുമായി ഒരമ്മ. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ യിഫു പ്രൈമറി സ്‌കൂളിലാണ് സംഭവം. വീട്ടിലെത്തിയ കുട്ടിയുടെ മുഖത്ത് തിണര്‍ത്ത പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് അധ്യാപകന്‍ തല്ലിയ വിവരം അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിയുടെ മുഖത്ത് പാണ്ടുരോഗത്തിന്റെ (Vitiligo) സൂചനകളാണ് അതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി കുട്ടിയുടെ അമ്മ പറയുന്നു.
മുഖത്ത് അടികൊണ്ട ഭാഗത്ത് മൂന്ന് മാസത്തിന് ശേഷം, മകന്‍ ലിയുവിന്റെ ചര്‍മ്മത്തിന്റെ പിഗ്മെന്റ് നഷ്ടപ്പെടാന്‍ തുടങ്ങിയെന്നും രോഗലക്ഷണങ്ങള്‍ കൂടുതല്‍ തീവ്രമായി കാണാന്‍ തുടങ്ങിയെന്നും ഇവര്‍ പറയുന്നു. കുട്ടിയുടെ രോഗത്തിന് കാരണമായ അധ്യാപികന് എതിരെ ഉചിതമായ നടപടിയെടുക്കാന്‍ ഫോറന്‍സിക് പരിശോധനയിലൂടെ രോഗത്തിന്റെ കാരണം കണ്ടെത്തുമെന്ന് അമ്മ പറഞ്ഞതായാണ് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്നേദിവസം അധ്യാപകന്‍ ക്ലാസ് റൂമിന് മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തി കുട്ടിയുടെ മുഖത്ത് ഇരുവശങ്ങളിലുമായി മൂന്നുതവണ അടിച്ചു എന്നാണ് കുട്ടിയുടെ സഹപാഠികള്‍ വെളിപ്പെടുത്തുന്നത്. മകന്റെ ചികിത്സാ ചിലവ് തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അധികമാണെന്നും അതിനാല്‍ ഈ അവസ്ഥയ്ക്ക് കാരണക്കാരായ അധ്യാപകനും സ്‌കൂള്‍ അധികൃതരും ചികിത്സാച്ചെലവ് വഹിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വിറ്റിലിഗോയുടെ കൃത്യമായ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും, ശരീരത്തില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദ ഘടകങ്ങളിലൂടെ ഈ അവസ്ഥ വികസിക്കാമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു. പകര്‍ച്ചവ്യാധിയല്ലെങ്കിലും, വിറ്റിലിഗോയുള്ള ആളുകള്‍ക്ക് ഉയര്‍ന്ന ഉത്കണ്ഠയോ വിഷാദമോ അനുഭവപ്പെടാമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിക്കുന്നു. സര്‍ക്കാര്‍, സ്‌കൂളുകളില്‍ ശാരീരിക ശിക്ഷ നിരോധിച്ചിരിക്കെ, അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്ന സംഭവങ്ങള്‍ ചൈനയില്‍ വലിയ പ്രശ്നമായി തുടരുകയാണ്. 2023-ല്‍, ചാങ്ഷയിലെ ബൊക്കായ് മെക്‌സിഹു പ്രൈമറി സ്‌കൂളിലെ ഒരു അധ്യാപിക 9 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയുടെ തലയില്‍ അടിച്ചതിന് ക്രിമിനല്‍ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു.